സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം; അപലപിച്ച് ലോകരാജ്യങ്ങള്‍

സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍. സൗദിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹകരിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്നലെ നിരവധി തവണയാണ് ഹൂതികള്‍ സൌദിയുടെ വിവിധ മേഖലകളില്‍ ആക്രമണം നടത്തിയത്. ഹൂതികള്‍ക്ക് തിരിച്ചടിയായി യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി.
ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളാണ് ഇതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ പ്രതികരിച്ചു. ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൗദിയുടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹകരിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും, എണ്ണ വിതരണ സംവിധാനങ്ങളും തകര്‍ക്കുന്നത് സമാധാനത്തിനും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണെന്ന് വിവിധ യൂറോപ്യന്‍, ജിസിസി രാജ്യങ്ങള്‍ പ്രതികരിച്ചു.
സൗദിയുടെ വിവിധ മേഖലകളില്‍ ശക്തമായ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതര്‍ നടത്തിയത്. ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയിലെ 2 ടാങ്കുകള്‍ക്കും സാംതയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിനും മിസൈല്‍ ആക്രമണത്തില്‍ തീ പിടിച്ചു. ദഹ്‌റാന്‍ ജൂനൂബിലെ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ ടാങ്കിനു ചോര്‍ച്ചയുണ്ടായി. തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ ജിസാന്‍, നജ്‌റാന്‍ എന്നീ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി.
Read Also : ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം
ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 9 ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം ആരംഭിച്ച ദിവസം തന്നെയാണ് നഗരത്തില്‍ വലിയ തോതിലുള്ള ആക്രമണം ഉണ്ടായത്. എന്നാല്‍ ജനജീവിതത്തെ ബാധിച്ചില്ല. റോഡുകളും വാണിജ്യ കേന്ദ്രങ്ങളും പാര്‍ക്കുകളുമെല്ലാം സാധാരണ പോലെയായിരുന്നു. ജിദ്ദ വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ ഷെഡ്യൂളുകളില്‍ ചെറിയ മാറ്റം ഉണ്ടായിരുന്നു.
Story Highlights: Houthi attack on Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here