സ്‌കൂളുകൾ തുറക്കണം; താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം

പെൺകുട്ടികളുടെ സെക്കൻഡറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം . അഫ്ഗാനിസ്താനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ കഴിഞ്ഞാഴ്ച തുറന്നിരുന്നു. പിന്നാലെ താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്തെത്തിയത്.
പുസ്തകങ്ങളും പ്ളേക്കാർഡുകളുമേന്തിയാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയല്ലെന്നും മുദ്രാവാക്യങ്ങൾ മുഴക്കി. താലിബാൻ അംഗങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞു പോയെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ തുറന്നതിന് പിന്നാലെ സ്കൂളുകളെല്ലാം അടക്കുകയും ചെയ്തു. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
പുതിയ ഉത്തരവ് വരുന്നതു വരെ ആറാം തരത്തിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ നിർദേശം.
Read Also : പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ഇപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
Story Highlights: Afghan girls stage protest, demand Taliban reopen schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here