Advertisement

സിൽവർലൈൻ പ്രതിഷേധം : ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ഗവർണർ

March 27, 2022
Google News 2 minutes Read
governor about silverline protest

സിൽവർലൈൻ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകും. ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാൽ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ല. സർക്കാരിനോ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. ( governor about Silverline protest )

അതിനിടെ, കെ-റെയിൽ വിജ്ഞാപനത്തിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും, സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുവെന്നും റവന്യുമന്ത്രി വ്യക്തമാക്കി. സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. വിജ്ഞാപനത്തിന്റെ പകർപ്പ് 24ന് ലഭിച്ചു.

ഭൂമി ഏറ്റെടുക്കാനല്ല. സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുമ്പോഴും സർക്കാരിന്റെ പ്രധാന പിടിവള്ളി ഈ വാദമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ വാദങ്ങൾ പൊളിക്കുകയാണ്. സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിജ്ഞാപനം. തിരുവനന്തപുരം-കാസർഗോഡ് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണം. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണം.അതിരടയാളങ്ങൾ സ്ഥാപിക്കണം. അതിരടയാളം ഇടുന്ന ഭൂമി വിലക്ക് വാങ്ങാമെന്നും വിജ്ഞാപനം നിർദ്ദേശിക്കുന്നു.

എന്നാൽ ഈ വിജ്ഞാപനംസാധാരണ നടപടിക്രമം മാത്രമാണെന്ന വിശദീകരണവുമായി റവന്യു മന്ത്രി രംഗത്തെത്തി.
തെറ്റിദ്ധാരണയുടെ ആവശ്യമില്ല.ആളുകൾ ആശങ്കപെടേണ്ട സാഹചര്യവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.

പുറത്തായ വിജ്ഞാപനത്തിന് രണ്ട് മാസം മുമ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവിൽ സർക്കാർ പറയുന്നത് റെയിൽവെ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് ശേഷം മാത്രമെ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങു എന്നാണ്. പക്ഷെ അതേ ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്‌പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്. രണ്ട് വഴിക്ക് പോകുന്ന വിജ്ഞാപനവും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുകയാണ്.

Story Highlights: governor about Silverline protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here