നാറ്റോയുടെ 1% സൈനിക ശക്തി മാത്രമാണ് ആവശ്യപ്പെടുന്നത്; സെലെൻസ്‌കി

റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ നാറ്റോയുടെ സഹായം വീണ്ടും അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. നാറ്റോയുടെ ടാങ്കുകൾ വിമാനങ്ങൾ എന്നിവയുടെ 1% മാത്രമേ രാജ്യം ആവശ്യപ്പെടുന്നുള്ളൂ. റഷ്യൻ മിസൈലുകളെ റൈഫിളുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് വെടിവയ്ക്കാൻ കഴിയില്ല. ടാങ്കുകളും വിമാനങ്ങളും ഇല്ലാതെ മരിയുപോളിനെ രക്ഷിക്കുന്നത് അസാധ്യമാണെന്ന് സെലെൻസ്‌കി.
സഹായത്തിനായി 31 ദിവസമായി കാത്തിരിക്കുകയാണെന്ന് സെലെൻസ്കി പറഞ്ഞു. നിരവധി രാജ്യങ്ങൾ കവചിത, വിമാനവേധ മിസൈലുകളും ചെറു ആയുധങ്ങളും അയക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇവ കീവിൽ എത്തിക്കാൻ ടാങ്കുകളും വിമാനങ്ങളും ആവശ്യമാണ്. ഇത് യുക്രൈന്റെ സ്വാതന്ത്ര്യത്തിന് മാത്രമല്ല, യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണ്. യൂറോ-അറ്റ്ലാന്റിക് സഖ്യം ഭരിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
യുക്രൈൻ വീണാൽ റഷ്യ യൂറോപ്പിലേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് സെലെൻസ്കി ഒരിക്കൽ കൂടി ആവർത്തിച്ചു. റഷ്യയുടെ രക്തരൂക്ഷിതമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള പൗരന്മാരോട് പ്രതിഷേധത്തിന് നേരത്തെ സെലൻസ്‌കി ആഹ്വാനം ചെയ്തിരുന്നു. ലോകം യുദ്ധം അവസാനിപ്പിക്കണം, യുക്രൈന്റെ സ്വാതന്ത്രത്തിന് വേണ്ടിയും ജന ജീവിതം തിരിച്ചു പിടിക്കാനും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും കൊന്നു. റഷ്യൻ ബോംബാക്രമണത്തിൽ പത്ത് ദശലക്ഷത്തിലധികം യുക്രൈനിയക്കാർ ഇതിനകം വീടുകളിൽ നിന്നും നഗരങ്ങളിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ ഭക്ഷണമോ വെള്ളമോ ആയുധ ബലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയും റഷ്യൻ സൈന്യത്തിന്റെ ക്രൂരമായ ഷെല്ലാക്രമണം നേരിടുകയും ചെയ്യുന്നു.
നഗരത്തിലെ ആശുപത്രിയിൽ, ജീവനക്കാർ രോഗികളെ ബേസ്മെന്റിലേക്ക് മാറ്റിയെന്നും അവിടെ മെഴുകുതിരിയുടെ വെളിച്ചത്തിലാണ് ചികിത്സ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: ukraines zelensky demands arms from west
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here