പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശം; ആനത്തലവട്ടം ആനന്ദൻ

സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ കോടതി ഉത്തരവിനെതിരെ സി.പി.ഐ.എം മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ രംഗത്ത്. പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പണിയെടുക്കാനും പണി മുടക്കാനുമുള്ള സ്വാതന്ത്ര്യം തൊഴിലാളികൾക്ക് മാത്രമാണ്. നക്കാപ്പിച്ച ആനുകൂല്യം നഷ്ടപ്പെടുമെന്ന് കരുതി പിൻമാറുന്നവരല്ല തൊഴിലാളികൾ. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച തീരുമാനം ഒരു തരത്തിലും സമരത്തെ ബാധിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി. ( anathalavattam anandan against the court verdict )
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ഹർത്താൽ ദിനത്തിലും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സമരത്തിന്റെ പേരിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചത് ശരിയായില്ല. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ അനുവദിക്കില്ലെന്നും വ്യാപാരി സംഘടനകൾ വ്യക്തമാക്കി.
Read Also : പണിമുടക്കിയാൽ ശമ്പളമില്ല; ഹൈക്കോടതി നിർദേശത്തിൽ ഉത്തരവിറക്കി സർക്കാർ
കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ കളക്ടർ നിർദേശിച്ചത്. തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് സർക്കാർ പൂർണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ഗവൺമെന്റിന് മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: anathalavattam anandan against the court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here