ദുബായ് എക്സ്പോ സമാപനം പൊടിപൊടിക്കും

ദുബായ് എക്സ്പോയുടെ സമാപനച്ചടങ്ങിനായി അണിയറയിൽ ഒരുങ്ങുന്നത് വർണാഭമായ പരിപാടികൾ. എക്സ്പോയുടെ ഉദ്ഘാടനം നടന്ന അൽ വസ്ൽ ഡോമിലായിരിക്കും സമാപന ദിവസത്തെ വിസ്മയവും ഒരുക്കുക. സംഗീത പരിപാടികൾ, വെടിക്കെട്ട് തുടങ്ങിയവയാണ് സമാപനത്തിലെ പ്രധാന ആകർഷണങ്ങൾ. പുലർച്ച വരെ ആഘോഷത്തിമിർപ്പ് നീളും. എക്സ്പോയിലെ 20 സ്ഥലങ്ങളിൽ വലിയ സ്ക്രീനുകളിൽ തത്സമയ പ്രദർശനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അൽവസ്ൽ ഡോമിൽ 31ന് രാത്രി ഏഴിനാണ് പരിപാടികൾ ആരംഭിക്കുന്നത്. 56 രാജ്യങ്ങളിൽ നിന്നുള്ള 400 പ്രഫഷണൽസും വാളന്റിയർമാരുമാണ് സമാപന പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. യു.എ.ഇയുടെ സുവർണ ജൂബിലിയും അടുത്ത 50 വർഷത്തെ പദ്ധതികളുമെല്ലാം മിന്നിത്തിളങ്ങുന്നതാവും അൽവസ്ൽ ഡോമിലെ പരിപാടി. എക്സ്പോയുടെ പതാക അടുത്ത സീസണിലെ സംഘാടകരായ ജപ്പാന് കൈമാറുന്ന ചടങ്ങും നടക്കും.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
സമാപനച്ചടങ്ങിൽ എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ യു.എ.ഇയുടെ ദേശീയ ഗാനമായ ‘ഈഷി ബിലാദി’ മുഴങ്ങും. ഈ പരിപാടി വനിതകൾ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. 16 രാജ്യാന്തര സംഗീതജ്ഞർ അണിനിരക്കുന്ന ഷോയും ഇതിന് ശേഷം നടക്കും.
എക്സ്പോയുടെ ഫെസ്റ്റിവൽ ഗാർഡനിലും വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലും പ്രധാന സ്റ്റേജിലും തത്സമയ സംപ്രേഷണമുണ്ടാകും. പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട് നടക്കുന്നത്. കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറും ദുബായ്മെട്രോ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. എക്സ്പോയോടനുബന്ധിച്ച് ജൂബിലി പാർക്കിലും ആംഫി തിയേറ്ററിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Story Highlights: conclusion of Dubai Expo will be beautifull
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here