പിഎസ്എൽ പാകിസ്താന് വലിയ ഗുണമൊന്നും ചെയ്യുന്നില്ല: ഡാനിഷ് കനേരിയ

പാകിസ്താൻ സൂപ്പർ ലീഗ് പാകിസ്താൻ ക്രിക്കറ്റിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെന്ന് പാകിസ്താൻ്റെ മുൻ താരം ഡാനിഷ് കനേരിയ. ഐപിഎലിലൂടെ നിരവധി താരങ്ങളെ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും പിഎസ്എൽ വഴി പാകിസ്താന് അങ്ങനെയൊരു ഗുണം ലഭിക്കുന്നില്ലെന്നും കനേരിയ പറഞ്ഞു.
“നിരവധി മികച്ച താരങ്ങളെ ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിനു സമ്മാനിക്കുന്നുണ്ട്. ഓരോ സീസണിലും അത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, പിഎസ്എൽ പാകിസ്താൻ ക്രിക്കറ്റിന് പ്രത്യേകിച്ച് ഒരു ഗുണമൊന്നും ചെയ്യുന്നില്ല. ഒരു താരം പിഎസ്എലിൽ നന്നായി കളിച്ചാൽ, പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ അൺപ്രൊഫഷണൽ സമീപനം കാരണം ആ താരത്തിന് ദേശീയ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാറില്ല.”- കനേരിയ പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് പറഞ്ഞു.
ഐപിഎലിലെ താരലേലം ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും സീസൺ മുതൽ നടപ്പാക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ അറിയിച്ചിരുന്നു. ഐപിഎൽ പോലെ പണക്കിലുക്കമുള്ള ലീഗായി പിഎസ്എൽ മാറുമ്പോൾ ആരാണ് ഇത് ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
‘സാമ്പത്തിക മെച്ചപ്പെടലിലായി പിസിബി പുതിയ മാർഗങ്ങൾ കണ്ടെത്തണം. ഐസിസി ഫണ്ടിങും പിഎസ്എലുമാണ് നിലവിൽ ബോർഡിൻ്റെ പ്രധാന വരുമാന മാർഗങ്ങൾ. പിഎസ്എലിൽ അടുത്ത സീസൺ മുതൽ ചില മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നുണ്ട്. താരലേലം നടപ്പാക്കലാണ് പ്രധാനം. പണം തന്നെയാണ് ഇത്തരം ലീഗുകളുടെ അടിസ്ഥാനം. അതുവഴി പാകിസ്താനിലെ ക്രിക്കറ്റ് വളരുമ്പോൾ മറ്റ് ടീമുകൾക്ക് ഞങ്ങളോടുള്ള നിലപാട് മാറും. താരലേലത്തിനായി കൂടുതൽ തുക ചെലവഴിക്കുമ്പോൾ പിഎസ്എൽ ഒഴിവാക്കി ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു കാണാം.’- റമീസ് രാജ പറഞ്ഞു.
Story Highlights: danish kaneria psl ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here