തുടക്കത്തിൽ കൂട്ടത്തകർച്ച; ശേഷം ഹൂഡ-ബദോനി സഖ്യത്തിലൂടെ തിരികെവന്ന് ലക്നൗ; ഗുജറാത്തിന് 159 റൺസ് വിജയലക്ഷ്യം

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 159 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 158 റൺസ് നേടിയത്. 55 റൺസെടുത്ത ദീപക് ഹൂഡയാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. അരങ്ങേറ്റ താരം ആയുഷ് ബദോനി 54 റൺസെടുത്ത് പുറത്തായി. തുടക്കത്തിലെ ബാറ്റിംഗ് തകർച്ച അതിജീവിച്ചാണ് ലക്നൗ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുജറാത്തിനായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. (lucknow innings ipl gujarat)
കൂട്ടത്തകർച്ചയോടെയാണ് ലക്നൗ ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തിൽ തന്നെ ലോകേഷ് രാഹുൽ (0) പുറത്ത്. പിന്നാലെ ക്വിൻ്റൺ ഡികോക്ക് (7), മനീഷ് പാണ്ഡെ (6) എന്നിവരെയും മടക്കി മുഹമ്മദ് ഷമി ലക്നൗവിനെ തുടക്കത്തിൽ തന്നെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടു. രാഹുലിനെ മാത്യു വെയ്ഡ് പിടികൂടിയപ്പോൾ ഡികോക്കിനെയും പാണ്ഡെയെയും ഷമി ക്ലീൻ ബൗൾഡാക്കി. എവിൻ ലൂയിസിനെ (10) വരുൺ ആരോണിൻ്റെ പന്തിൽ ശുഭ്മൻ ഗിൽ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ലക്നൗ അഞ്ചാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ദീപക് ഹൂഡ-ആയുഷ് ബദോനി സഖ്യമാണ് ലക്നൗവിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. തുടക്കത്തിൽ ശ്രദ്ധാപൂർവം ബാറ്റ് വീശിയ അവർ വൈകാതെ ഗ്രൗണ്ടിൻ്റെ നാലുപാടും ബൗണ്ടറികൾ പായിച്ച് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 36 പന്തുകളിൽ ഫിഫ്റ്റി തികച്ച ഹൂഡ ബദോനിയുമായി 87 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് ഉയർത്തിയ ശേഷം മടങ്ങി. 41 പന്തിൽ 55 റൺസെടുത്ത താരത്തെ റാഷിദ് ഖാൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
ഹൂഡയ്ക്ക് പിന്നാലെ എത്തിയ കൃണാൽ പാണ്ഡ്യയും ചില മികച്ച ഷോട്ടുകളുതിർത്തു. ഇതിനിടെ 38 പന്തുകൾ ബദോനി ഫിഫ്റ്റി തികച്ചു. ഐപിഎലിൽ അരങ്ങേറ്റ മത്സരം കളിച്ച താരം തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ആദ്യ മത്സരത്തിൽ തന്നെ കാഴ്ചവച്ചത്. വരുൺ ആരോൺ എറിഞ്ഞ അവസാന ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ പിടിച്ച് ആയുഷ് ബദോനി പുറത്തായി. ആറാം വിക്കറ്റിൽ ഹൂഡയുമൊത്ത് 40 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് ബദോനി മടങ്ങിയത്. കൃണാൽ പാണ്ഡ്യ (21) പുറത്താവാതെ നിന്നു.
Story Highlights: lucknow innings ipl gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here