Advertisement

‘ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം’; കല്ലിടലിനെതിരെ കെസിബിസി

March 29, 2022
Google News 2 minutes Read

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കാത്തോലിക് ബിഷപ്പ് കൗണ്‍സില്‍( കെസിബിസി). സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ബലപ്രയോഗം നടത്തുന്നത് തീര്‍ത്തും ശരിയല്ലെന്ന് കെസിബിസി പ്രസ്താവിച്ചു. സര്‍വേക്കായി മറ്റ് രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. (kcbc against silverline survey)

ജനങ്ങളുടെ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ചല്ല നേരിടേണ്ടതെന്ന് കെസിബിസി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. തങ്ങള്‍ സാമൂഹ്യആഘാതപഠനത്തെയല്ല എതിര്‍ക്കുന്നതെന്നും മറിച്ച് മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയെയാണ് എതിര്‍ക്കുന്നതെന്നും കെസിബിസി വ്യക്തമാക്കി.

Read Also : സില്‍വര്‍ലൈന്‍ സര്‍വേ തടയാനാകില്ല;രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി

അതേസമയം സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പഠനം നടത്തുന്നതിന് കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. പഠനത്തിനുശേഷം കല്ല് എടുത്തുമാറ്റുമോ, ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ലോണ്‍ എടുക്കാന്‍ സാധിക്കുമോ, കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ കല്ല് അവിടെത്തന്നെ ഇടുമോ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. വലിയ കല്ലുകളിട്ട് ജനങ്ങളെ എന്താനാണ് പരിഭ്രാന്തരാക്കുന്നതെന്നും കോടതി ചോദിച്ചു. കോടതി വന്‍കിട പദ്ധതിക്കെതിരാണ് എന്ന പ്രതീതി വരുത്തരുതെന്നും കോടതി സൂചിപ്പിച്ചു.

കെ റെയില്‍ റെയില്‍വേയുടെ പദ്ധതിയല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ വാദത്തിന് ഹൈക്കോടതി അംഗീകാരം നല്‍കുകയായിരുന്നു. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് സിമന്റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

Story Highlights: kcbc against silverline survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here