നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.
വധ ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ദിലീപിൻറെ അഭിഭാഷകൻറെ വാദം പൂർത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് വാദം കേൾക്കുക.
നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസെന്നാണ് ദിലീപിന്റെ വാദം. കൃത്യമായി ആസൂത്രണം ചെയ്തതിൻറെ ഭാഗമായിട്ടാണ് വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് മടങ്ങി.
ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Story Highlights: actress attack kavya madhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here