ഇവിടെ മാത്രമല്ല അങ്ങ് ജാപ്പനിലും ഉണ്ട് ഒരു കൊച്ചുകേരളം…

ലോകത്ത് എവിടെയാണെങ്കിലും ഗൃഹാതുരത്വം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. ചൂട് ചായയും പഴംപൊരിയും ലഭിക്കുന്ന ചായപീടികകളും തല ഉയർത്തി നിൽക്കുന്ന തറവാടുകളും നീന്തി തിമിർത്ത കുളങ്ങളുമെല്ലാം ആ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. എന്നാൽ കേരളത്തിന്റെ മണ്ണിൽ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്ട് ഇപ്പറഞ്ഞ തറവാടും കുളവും ചായപ്പീടികകളും. ജപ്പാനിലെ നഗോയ പട്ടണത്തിലെ ഇനുയാമ എന്ന സ്ഥലത്തെത്തിയാൽ ഒരു നിമിഷം നമ്മൾ കേരളത്തിലാണോയെന്ന് ചിന്തിച്ച് പോകും. അവിടെയുള്ള ഒരു ഓപ്പൺ എയർ മ്യൂസിയത്തിൽ പാലക്കാട് മാതൃകയിലുള്ള കുളവും തറവാടും എല്ലാമുണ്ട്.”ദി ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാൻ” എന്നാണ് ജപ്പാനിലെ ആ മ്യൂസിയത്തിന്റെ പേര്. കേരളത്തിന്റെ മാത്രമല്ല ലോകത്തിലെ 22 രാജ്യങ്ങളിലുള്ള വീടുകൾ ഈ മ്യൂസിയത്തിലുണ്ട്. അവിടെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നമ്മുടെ കേരള മോഡൽ ഗ്രാമമാണെന്നത് ഏതൊരു മലയാളികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
1970 ൽ ഒരു നരവംശ ശാസ്ത്ര മ്യൂസിയമായും അമ്യൂസ്‌മെന്റ് പാർക്കായി ആരംഭിച്ച ഈ മ്യൂസിയം പിന്നീട് പല രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത വാസ്തുവിദ്യ ശൈലിയിൽ നിർമിതമായ കെട്ടിടങ്ങളെ ഉൾക്കൊള്ളിക്കാൻ തുടങ്ങി. ഓരോ വീടുകളും ഓരോ രാജ്യത്തിന്റെ സംസ്കാരത്തെയും, പാരമ്പര്യത്തെയും, ജീവിത ശൈലിയെയും പ്രതിനിധീകരിക്കുന്നു. മ്യൂസിയത്തിൽ കാണുന്ന പരമ്പരാഗത കേരള ഭവനം വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ചതാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും കേരളത്തിൽ നിന്നും ജപ്പാനിലേക്ക് കയറ്റി അയയ്ക്കപ്പെട്ടതാണ്. നീളമുള്ള വരാന്തയും നടുമുറ്റവും ചാരു കസേരയും തുളസിത്തറയും തുടങ്ങി ഒരു തറവാട്ടിൽ കാണുന്ന എല്ലാം ഇവിടെ നമ്മുക്ക് കാണാൻ സാധിക്കും.
കേരളത്തിലെ ഒരു ഗ്രാമം മുഴുവൻ ചരിത്രപരമായി പുനർനിർമ്മിക്കാൻ ഈ മ്യൂസിയത്തിന് കഴിഞ്ഞിട്ടുണ്ട്. വീട്ടിനകത്ത് ഉപയോഗിച്ചിരിക്കുന്ന വീട്ടുസാധനങ്ങൾക്കും ഉപകരണങ്ങൾക്കും എന്തിനേറെ പൂജ മുറികളിൽ വെച്ചിരിക്കുന്ന ചിത്രങ്ങൾ വരെ കേരള തനിമ നിറഞ്ഞതാണ്. ആകെ മൊത്തം ആ ഗ്രാമം കണ്ടാൽ കേരളം തന്നെയാണോയെന്ന് തോന്നിപോകും. അതെല്ലാം കാണുമ്പോൾ പണ്ടത്തെ ജീവിത ശൈലിയും കൂട്ട് കുടുംബവും ഓർമ്മ വരും. വാസ്തുവിദ്യ മാത്രമല്ല, കേരളത്തിന്റെ സ്വന്തം രുചിയും അവിടെ ലഭ്യമാണ്. വീടിനു പുറത്തായി നല്ല ചായ കിട്ടുന്ന ചായ പീടികയുമുണ്ട്. ഇതിനു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികളും മ്യൂസിയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here