കൊല്ലത്ത് കഞ്ഞിവച്ച് സിൽവർലൈൻ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയും

കെ റെയിൽ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധം. നടുറോഡിൽ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്.
ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലത്ത് സർവ്വേ നടപടികൾ പുനരാരംഭിച്ചത്. പൊലീസ് സുരക്ഷയിൽ കല്ലിടൽ നടപടികൾക്കായി കെ റെയിൽ ഉദ്യോഗസ്ഥർ എത്തി. എന്നാൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കല്ലുമായി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പിന്നാലെ നടുറോഡിൽ നാട്ടുകാർ കഞ്ഞിവച്ച് പ്രതിഷേധിച്ചു.
നേരത്തെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. അജയകുമാർ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നത്. തൻ്റെ മരണമൊഴിയെന്ന തരത്തിൽ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലിൽ ഒട്ടിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ വേണ്ടിത്തന്നെയാണ് സിലിണ്ടർ തുറന്നുവച്ചിരിക്കുന്നതെന്ന് അജയകുമാർ 24നോട് പറഞ്ഞു.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ്. എന്നെ അടക്കേണ്ട മണ്ണാണ്. അത് ആർക്കും വിട്ടുകൊടുക്കാനാവില്ല. ആൽത്തറയൊക്കെ ഇവിടെയുണ്ട്. സൗദി അറേബ്യയിൽ 30 വർഷം വിയർപ്പൊഴുക്കി ഉണ്ടാക്കിയ വീടാണ്. ഞാനും പാർട്ടിക്കാരനാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഐഎമിലൂടെ വളർന്നുവന്നയാളാണ് ഞാൻ. ഭൂമി ഏറ്റെടുക്കലിലുള്ള സർവേ അല്ലെന്ന് സർക്കാർ പറയുന്നത് നുണയാണ്. നഷ്ടപരിഹാരത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഇന്ന് എൻ്റെ അവസാന ദിവസമായിരിക്കുമെന്നും അദ്ദേഹം 24നോട് പറഞ്ഞു.
Story Highlights: silver line protest in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here