ബെൽജിയത്തെ മറികടന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാമത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ബ്രസീൽ. ദീർഘകാലമായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ബെൽജിയത്തെ മറികടന്നാണ് ബ്രസീൽ ഈ നേട്ടത്തിലെത്തിയത്. ഇന്ന് പ്രഖ്യാപിച്ച റാങ്കിംഗിൽ 1832.69 ആണ് ബ്രസീലിന്റെ പോയിൻ്റ്.
തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് ബ്രസീലിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. യോഗ്യതാ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡ് ബ്രസീൽ കഴിഞ്ഞ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തുരത്തിയ കാനറിപ്പടയ്ക്ക് 17 കളിയിൽ 45 പോയിൻ്റുണ്ട്. 2002 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന നേടിയ 43 പോയിൻ്റാണ് ബ്രസീൽ പഴങ്കഥയാക്കിയത്.
ബെൽജിയമാണ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ , മെക്സിക്കോ, നെതർലാൻഡ്സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ യഥാക്രമം ഉള്ള ടീമുകൾ.
അതേസമയം, ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് അഡിഡാസ് പുറത്തിറക്കി. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്.
കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്‌ല’. പന്തിൽ ഉപയോഗിച്ചിരിക്കുന്ന പശയും മഷിയുമൊക്കെ ഇത്തരത്തിലുള്ളതാണ്.
ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്.
Story Highlights: brazil fifa rankinng update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here