Advertisement

കൊല്‍ക്കത്തയെ വീഴ്ത്തി ബാംഗ്ലൂരിന് ആദ്യ ജയം

March 31, 2022
Google News 2 minutes Read

ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 17-3ലേക്കും 69-4ലേക്കും 111-7ലേക്കും വീണ ബാംഗ്ലൂര്‍ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ഷബഹാസ് അഹമ്മദ്, ഡേവിഡ് വില്ലി, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. ( ROYAL CHALLENGERS BANGALORE WON )

28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ഷഹബാസ് 27 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റെടുത്തു. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് 18.5 ഓവറില്‍ 128, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 19.2 ഓവറില്‍ 132-7.

ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ബാംഗ്ലൂരിന് ഓപ്പണര്‍ അനൂജ് റാവത്തിനെ (പൂജ്യം) നഷ്ടമായി. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് തന്നെയാണ് ആര്‍സിബിയെ ഞെട്ടിച്ചത്. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ അനൂജിനെ കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയെയും (4 പന്തില്‍ 5) ബാംഗ്ലൂരിനു നഷ്ടമായി. ടിം സൗത്തിയാണ് വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം ഓവറില്‍ വിരാട് കോലിയും (7 പന്തില്‍ 12) വീണതോടെ ബാംഗ്ലൂര്‍ പരുങ്ങലിലായി.

നാലാം വിക്കറ്റില്‍ വില്ലിയും റുഥര്‍ഫോര്‍ഡും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11ാം ഓവറില്‍ സുനില്‍ നരെയ്ന്‍ ആണ് വില്ലിയെ പുറത്താക്കിയത്. വാനിന്ദു ഹസരംഗ 3 പന്തില്‍ 4 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാനാകാതെ പോയതിന്റെ നിരാശ, ബ്ലാംഗ്ലൂര്‍ ബോളിങ് പട ഇന്ന് തീര്‍ത്തു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18.5 ഓവറില്‍ 128 റണ്‍സിനു ചുരുട്ടിക്കെട്ടിയാണ് ആര്‍സിബി ബോളര്‍മാര്‍ ‘പ്രതികാരം’ ചെയ്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് ഹസരംഗ വിട്ടുകൊടുത്തത്.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യരിനെ (14 പന്തില്‍ 10) പുറത്താക്കി ആകാശ് ദീപാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ വെറും 14 റണ്‍സ് മാത്രം. അടുത്ത രണ്ടു ഓവറുകളിലും തുടരെ വിക്കറ്റ് വീണതോടെ കൊല്‍ക്കത്ത പതറി. അജിന്‍ക്യ രഹാനെ (10 പന്തില്‍ 9), നിതീഷ് റാണ (5 പന്തില്‍ 10) എന്നിവരെയാണ് പവര്‍ പ്ലേ ഓവറുകളില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

Story Highlights: ROYAL CHALLENGERS BANGALORE WON BY 3 WICKETS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here