എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് മുതൽ തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഏപ്രിൽ 29 ന് പരീക്ഷ അവസാനിക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും.
4,27,407 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതും. മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർഥികളും കന്നട മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 574 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 882 വിദ്യാർഥികളും പരീക്ഷയെഴുതും. 2014 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം.
പരീക്ഷയുടെ നടത്തിപ്പിനായി 2961 ചീഫ് സൂപ്രണ്ടുമാരുടെയും 2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരുടെയും നിയമനം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. പരീക്ഷാനടപടികൾ കുറ്റമറ്റരീതിയിൽ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, പരീക്ഷാ ഭവൻ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്ക്വാഡുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതാണ്.
Story Highlights: The SSLC exam starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here