Advertisement

വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക വീണു; ഫൈനലിൽ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ട് എതിരാളികൾ

March 31, 2022
Google News 1 minute Read

വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികളായി ഇംഗ്ലണ്ട്. ഇന്ന് നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 137 റൺസിനു കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 293 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിനായി 129 റൺസെടുത്ത ഡാനിയൽ വ്യാട്ട് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി വ്യാട്ടിനൊപ്പം സോഫിയ ഡങ്ക്‌ലിയും (60) മികച്ച പ്രകടനം നടത്തി. തമി ബ്യൂമൊണ്ട് (7), ഹെതർ നൈറ്റ് (1) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ മധ്യനിരയെ കൂട്ടുപിടിച്ച് വ്യാട്ട് നടത്തിയ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിനു തുണയാവുകയായിരുന്നു. നതാലി സിവർ (15), ഏമി ജോൺസ് (28), സോഫി എക്ലസ്റ്റൺ (24) എന്നിവരൊക്കെ ഭേദപ്പെട്ട രീതിയിൽ ബാറ്റ് വീശി. 125 പന്ത് നേരിട്ടാണ് വ്യാട്ട് 129 റൺസെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ഷബ്നിം ഇസ്മയിൽ 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇംഗ്ലണ്ടിനു വെല്ലുവിളിയാവാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ലിസെൽ ലീ (2), ലോറ വോൾവാർട്ട് (0) എന്നിവർ വേഗം മടങ്ങി. പിന്നീട് 6 താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും വലിയ ഇന്നിംഗ്സ് കളിക്കാനായില്ല. 28 റൺസെടുത്ത ലാറ ഗൂഡൽ ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോററായി. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ 6 വിക്കറ്റ് വീഴ്ത്തി.

ഏപ്രിൽ 3 ഞായറാഴ്ച ക്രൈസ്റ്റ്‌ചർച്ചിലെ ഹാഗ്ലി ഓവലിലാവും ഫൈനൽ.

Story Highlights: womens world cup england won south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here