‘ഷാഫിയുടെയും രാഹുലിന്റെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഡിജിപിക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിൽ എം പി യുടെയും നേതൃത്വത്തിൽ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനൽ സംഘം വളർന്നു കൊണ്ടിരിക്കുകയാണ്. അധികാരവും പണവും ദുർവിനിയോഗം ചെയ്ത് കൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വേളയിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. അതുപോലെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2.40 കോടി രൂപ ദുരിത ബാധിതർക്ക് പിരിച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വാഗ്‌ദാനം നൽകിയിരുന്നുവെന്ന് പരാതിൽ പറയുന്നു.
എന്നാൽ ദുരന്തബാധിതർക്ക് വേണ്ടി പിരിച്ച കോടികളെ സംബന്ധിച്ച് ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ പല നേതാക്കളും ഫണ്ട് പിരിവിന്റെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.
വിവിധ നിയോജകമണ്ഡലം കമ്മിറ്റികൾ ചേർന്ന് പിരിച്ചുനൽകാൻ തീരുമാനിച്ച 2.40 കോടിയിൽ 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രസ്ഥാവിച്ചത്.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോടികൾ തിരിമറി നടത്തിയെന്ന ആരോപണം ശക്തമാണ്. 1988 ലെ അഴിമതി തടയൽ നിയമ പ്രകാരമുള്ള (THE PREVENTION OF CORRUPTION ACT, 1988) ഗുരുതര കുറ്റകൃത്യമാണ് ഇവിടെ നടത്തിയിരിക്കുന്നത്.അത് കൊണ്ട് തന്നെ പ്രസ്തുത നിയമ പ്രകാരം വിഷയത്തിൽ കേസ് എടുക്കേണ്ടതുണ്ട്.ഏറ്റവും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്നെതിരെ ഉയരുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലും പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി വാർത്തയുണ്ട്.അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളുമാണ് ഈ സംഘത്തെ നയിക്കുന്നത്.തന്നെയുമല്ല ഇരുവരുടെയും സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് പ്രവർത്തകർ എ ഐ സി സി ക്ക് പരാതി നൽകുകയും ഇതിനെ സംബന്ധിച്ച മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ആരോപണം അവർ നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആയതിനാൽ വിഷയത്തിൽ ഇടപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെയും ഷാഫി പറമ്പിൽ എം പി യുടെയും സാമ്പത്തിക സ്രോതസ്സും സാമ്പത്തിക വർദ്ധനയും അടിയന്തരമായി പരിശോധിക്കണമെന്ന് പരാതിയിൽ അപേക്ഷിക്കുന്നു.
Story Highlights : Shafi Parambil–Rahul Mamkootathil financial dealings, AIYF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here