പ്രസിഡന്റിന്റെ വസതിക്കരികെ പ്രതിഷേധം; ശ്രീലങ്കയിൽ 45 പേർ അറസ്റ്റിൽ

ശ്രീലങ്കയിൽ പ്രസിഡൻ്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേർ അറസ്റ്റിൽ. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടർന്ന് ഇന്നലെ രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കർഫ്യൂ നീക്കിയെന്ന് ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ അഞ്ച് പൊലീസ് ഓഫീസർമാർക്ക് പരുക്ക് പറ്റിയതായി പൊലീസ് വക്താവ് അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പൊലീസ് ബസ്, ജീപ്പ്, 2 ബൈക്കുകൾ എന്നിവ പ്രതിഷേധക്കാർ നശിപ്പിച്ചു എന്നും പൊലീസ് വക്താവ് പറഞ്ഞു. പ്രസിഡൻ്റിൻ്റെ വസതിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്സ കുടുംബത്തിലെ എല്ലാവരും സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സാമ്പത്തിക അടിയന്തിരാവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായ വാഗ്ധാനം നൽകിയിരുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.
Story Highlights: Arrested Protests Sri Lanka President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here