Advertisement

പോഷകസംഘടനയല്ലെന്ന പരാമര്‍ശം: പ്രതിപക്ഷനേതാവിനെതിരെ കെപിസിസിയെ സമീപിക്കാനൊരുങ്ങി ഐഎന്‍ടിയുസി

April 2, 2022
Google News 2 minutes Read

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടനയ്ക്കുള്ളില്‍ പോര് കനക്കുന്നു. ഐഎന്‍ടിയുസി നേതാക്കളെ വി ഡി സതീശന്‍ ആശയക്കുഴപ്പത്തിലാക്കിയെന്ന അഭിപ്രായമാണ് ഐഎന്‍ടിയുസി ജില്ലാ നേതൃത്വത്തിനുള്ളത്. വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി കെപിസിസിയെ സമീപിക്കും. പാര്‍ട്ടി നിലപാട് പറയണമെന്ന ആവശ്യമാണ് ഐഎന്‍ടിയുസി ഉയര്‍ത്തുക. (INTUC prepares to approach KPCC against opposition leader)

ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ഐഎന്‍ടിയുസി ജില്ലാ നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നാണ് ഐഎന്‍ടിയുസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഐഎന്‍ടിയുസി പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധം സ്വാഭാവികമാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി.

Read Also : പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവം: അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ചങ്ങനാശേരിയില്‍ പ്രതിഷേധം നടത്തിയ ഐഎന്‍യുസിയുടെ നടപടിയില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്നും പ്രതിപക്ഷനേതാവ് ഇന്നലെ ആവര്‍ത്തിച്ചിരുന്നു. പോഷക സംഘടനയെന്ന സ്‌റ്റേറ്റസ് എല്ല ഐഎന്‍ടിയുസിക്കുള്ളതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യഘടകവും പോഷകസംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഐഎന്‍ടിയുസിയുടെ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ആലോചിച്ച ശേഷമാണ് താന്‍ ഐഎന്‍ടിയുസി വിഷയത്തില്‍ നിലപാടെടുത്തതെന്നും പ്രതിപക്ഷനേതാവ് ഇന്നലെ പറഞ്ഞിരുന്നു.

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്നായിരുന്നു ദേശീയ തൊഴിലാളി പണിമുടക്കിലെ പ്രതികരണമായി പ്രതിപക്ഷ നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഐഎന്‍ടിയുസിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ടെന്നത് വസ്തുതയാണ്. പക്ഷേ അവര്‍ കൂടി പങ്കാളികളായ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights: INTUC prepares to approach KPCC against opposition leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here