അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാറില്ല; പ്രതിപക്ഷ നേതാവിനെതിരെ കോട്ടയം ഡിസിസി

പ്രതിപക്ഷ നേതാവിനെതിരെ കോട്ടയം ഡിസിസി. ജില്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരത്തെ അറിയിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ്. മുൻ പ്രതിപക്ഷ നേതാക്കൾ അതത് ഡിസിസികളെ അറിയിക്കുന്ന പതിവുണ്ടെന്നും നാട്ടകം സുരേഷ്. യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. രമേശ് ചെന്നിത്തല കോട്ടയത്തേക്ക് വരുമ്പോൾ വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻ്റ് അടക്കമുള്ളവർ എത്തുമ്പോഴും ഇത് പതിവാണ്. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്ളക്സിൽ പടം വന്നാൽ കുളിരുകോരുന്ന ആളല്ല താനെന്നും നാട്ടകം സുരേഷ്.
പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവല്ല താൻ. യു.ഡി.എഫ് യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ്. ഏത് ജോലി ഏറ്റെടുത്താലും ഭംഗിയായി നിർവഹിക്കണം. അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സുരേഷ് പറഞ്ഞു.
Story Highlights: nattakam suresh responding to controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here