Advertisement

വിശ്വവിജയത്തിന് 11 വയസ്; 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍മയില്‍ കായികലോകം

April 2, 2022
Google News 3 minutes Read

നാവാന്‍ കുലശേഖരയെറിഞ്ഞ 49 ആം ഓവറിലെ രണ്ടാം പന്ത് വാന്‍ഖഡെ നിറഞ്ഞിരുന്ന കണികള്‍ക്കിടയിലേക്ക് വന്ന് വീഴുമ്പോള്‍ മൂന്ന് പതിറ്റാണ്ടുകളായി മനസിന്റെ കോണില്‍ മറ്റെന്തിനേക്കാളും പ്രണയാര്‍ദ്രമായി ക്രിക്കറ്റ് ആരാധകര്‍ സൂക്ഷിച്ച സ്വപ്നം യാഥാര്‍ഥ്യവുകയായിരുന്നു. ‘ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍ , ഇന്ത്യ ലിഫ്റ്റ് ദി വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്‌സ്’ എന്ന് കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രി ഉറക്കെ തൊണ്ട പൊട്ടി പറഞ്ഞപ്പോള്‍ ആഘോഷത്തിന്റെ അതിരുകളില്ലാത്ത ആകാശത്തിലായിരുന്നു ഇന്ത്യന്‍ ജനത മുഴുവന്‍. ഇന്ന് ആ സുവര്‍ണ്ണ വിജയത്തിന്റെ ഓര്‍മകള്‍ക്ക് 11 വയസ്. വലിയ മറവി രോഗം വന്ന് ഓര്‍മ മുഴുവന്‍ പോയാലും മറന്ന് പോകരുതേ എന്ന് ക്രിക്കറ്റിനെ ഭ്രാന്തമായ അഭിനിവേശത്തോടെ സ്‌നേഹിക്കുന്ന ഒരു ജനത ആഗ്രഹിക്കുന്ന ദിനം. (Sports world commemorates the 2011 Cricket World Cup win)

2007 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് പരാജിതന്റെ വല്ലാത്ത ഭാരവും പേറി തല താഴ്ത്തി നിന്ന ഇന്ത്യയ്ക്ക് നാട്ടില്‍ നടക്കുന്ന 2011 ലോകകപ്പില്‍ വിജയം നേടുകയെന്നത് അനിവാര്യതയുടെ മുകളിലെ അനിവാര്യതയായിരുന്നു. അതിനൊപ്പം തന്നെ ഇന്ത്യയെന്ന രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ കാലങ്ങളായി തന്റെ ചുമലില്‍ ചുമന്ന സച്ചിന്റെ അവസാന ലോകകപ്പ് കൂടിയായിരുന്നു 2011 വിശ്വ പോരാട്ടം. സച്ചിന് വേണ്ടി ലോകകപ്പ് നേടും എന്ന് ആവര്‍ത്തിച്ച് ഇന്ത്യ കിരീട നേട്ടത്തിന്റെ അവസാനിക്കാത്ത മധുരം നുണഞ്ഞു.

1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ നേടിയ കിരീട വിജയത്തിന് ശേഷമുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിക്കപ്പെട്ടതിനൊപ്പം , ധോണി എന്ന ക്യാപ്റ്റന്‍ ഇന്ത്യ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ‘ക്യാപ്റ്റന്‍’ ഇരിപ്പിടത്തില്‍ അവരോധിക്കപ്പെടുകയിരുന്നു. കൂട്ടായ്മയുടെ വിജയമെന്ന് പറയുമ്പോഴും തോല്‍വിയെ തെല്ലും ഇഷ്ടപ്പെടാത്ത യുവ രാജാവായ യുവരാജിന്റെ പോരാട്ടങ്ങള്‍ ഒരു സ്‌പെഷ്യല്‍ കയ്യടി അര്‍ഹിക്കുന്നുമുണ്ട്. മലയാളികള്‍ക്ക് അഭിമാനമായി എസ് ശ്രീശാന്തും ടീമിന്റെ ഭാഗമായിരുന്നു .കണ്ണടച്ച് തുറക്കും മുന്‍പ് 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇന്ത്യ കാത്തിരിക്കുന്നു മറ്റൊരു വിശ്വ വിജയത്തിനായി…

Story Highlights: Sports world commemorates the 2011 Cricket World Cup win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here