Advertisement

പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

April 3, 2022
Google News 1 minute Read
imran khan profile

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മികച്ച ഓൾ റൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. പാകിസ്താന് 1992ൽ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത് രാജ്യ ചരിത്രത്തിൽ ഇതിഹാസമാനമുള്ള കായികതാരമായി മാറി ഇമ്രാൻ. 21 വർഷത്തോളം പാകിസ്താന് വേണ്ടി കളിച്ച ഇമ്രാൻ ഖാൻ 1996ലാണ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 22 വർഷത്തിനുശേഷം 2018ൽ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇമ്രാന്റെ ദീർഘകാലത്തെ സ്വപ്‌നമാണ് യാഥാർത്ഥ്യമായത്. എന്നാൽ മൂന്നര വർഷത്തിനിപ്പുറം വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് ഇമ്രാൻ ഖാൻ. ( imran khan profile )

ഇമ്രാൻ അഹമദ് ഖാൻ നിയാസിയെന്നാണ് മുഴുവൻ പേര്. 1952ൽ ലാഹോറിലെ പ്രമുഖ പഷ്തൂൺ കുടുംബത്തിലാണ് ജനനം. പാകിസ്ഥാനിലെ മുൻ നിര സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇമ്രാൻ ഖാൻ ബ്രിട്ടണിലാണ് തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പാകിസ്ഥാൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻമാരായി സേവനമനുഷ്ഠിച്ച ജാവേദ് ബുർക്കി, മജീദ് ഖാൻ എന്നിവർ ഇമ്രാൻറെ ബന്ധുക്കളാണ്. ആ സ്വാധീനമാണ് ഇമ്രാന് ക്രിക്കറ്റിലേക്കുള്ള വഴി തുറന്നത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും പഠിക്കുന്ന സമയത്തേ ഇമ്രാൻ തന്റെ ക്രിക്കറ്റ് അഭിനിവേശം ഉപേക്ഷിച്ചിരുന്നില്ല. 1971ലാണ് പാകിസ്ഥാൻ നാഷണൽ ടീമിന് വേണ്ടി ഇമ്രാൻ ആദ്യമായി കളത്തിലിറങ്ങുന്നത്. എന്നാൽ ക്രിക്കറ്റിൽ തുടക്കക്കാരനായ ഇമ്രാന് മികവ് തെളിയിക്കാനായില്ല. 1976ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയായതിന് ശേഷമാണ് സജീവമായി ക്രിക്കറ്റിലേക്കിറങ്ങുന്നത്.

വളരെ പെട്ടന്നായിരുന്നു ഇമ്രാന്റെ വളർച്ച. 1980കളുടെ തുടക്കത്തിൽ ഖാൻ ഒരു അസാമാന്യ ബൗളറും ഓൾറൗണ്ടറും ആണെന്ന് തെളിയിച്ചു. 1982ൽ പാകിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി. 1992ൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ ലോകകപ്പിൽ മുത്തമിട്ടപ്പോൾ അത് ഇമ്രാൻ ഖാൻറെ മാത്രം നേട്ടമായി. പാകിസ്ഥാനിൽ നിന്നുള്ള ആഗോളതാരത്തിന്റെ പിറവി കൂടിയായിരുന്നു 92ലെ ലോകകപ്പ്.

കരിയറിൽ 88 ടെസ്റ്റുകൾ കളിച്ച ഇമ്രാൻ 362 വിക്കറ്റുകളും 6 സെഞ്ചുറികൾ അടക്കം 3807 റൺസും നേടി. 175 ലിമിറ്റഡ് ഓവർ മത്സരത്തിൽ നിന്ന് 182 വിക്കറ്റുകളും ഒരു സെഞ്ചുറി സഹിതം 3709 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ലോകകപ്പ് നേടി ആറു മാസത്തിന് ശേഷം ശ്രീലങ്കക്കെതിരായ മത്സരത്തോടെ അദ്ദേഹം തന്റെ വിജയകരമായ കരിയറിന് വിരാമമിട്ടു. തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി.

92ന് ശേഷം സൂഫി മിസ്റ്റിസിസത്തിലേക്കാണ് ഇമ്രാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നാലെ പൊതുവിഷയങ്ങളിലും ഇടപെട്ടുതുടങ്ങി. 1985ൽ കാൻസർ ബാധിച്ച് മരിച്ച ഖാന്റെ അമ്മയുടെ പേരിലുള്ള കാൻസർ ആശുപത്രിക്കായുള്ള ധനസമാഹരണത്തിലൂടെ പാകിസ്ഥാൻ പത്രങ്ങളുടെ തലക്കെട്ടായി മാറി ഇമ്രാൻ ഖാൻ. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഖാൻ പാകിസ്ഥാൻ ഭരണകൂടത്തിന്റെ നിശിത വിമർശകനായി. 96ൽ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം മാത്രം വോട്ടുവാങ്ങി ദയനീയമായി പരാജയപ്പെട്ടു. എന്നാൽ 2002ഓടെ നില മെച്ചപ്പടുത്താനായി. 2007 ഒക്ടോബറിൽ പർവേസ് മുഷറഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ നിന്ന് രാജിവച്ച ഒരു കൂട്ടം രാഷ്ട്രീയക്കാരോടൊപ്പം ചേർന്നു ഇമ്രാൻ ഖാൻ. നവംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷറഫിനെ വിമർശിച്ചവർക്കെതിരെ നടത്തിയ അടിച്ചമർത്തലിൽ ഖാൻ കുറച്ചുകാലം തടവിലായി. ഡിസംബർ പകുതിയോടെ അവസാനിച്ച അടിയന്തരാവസ്ഥയെ പി ടി ഐ അപലപിക്കുകയും മുഷറഫിന്റെ ഭരണത്തിൽ പ്രതിഷേധിച്ച് 2008 ലെ ദേശീയ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇമ്രാന്റെ ജനസമ്മതി കുതിച്ചുയർന്നു. ചെറുപ്പക്കാരുടെ പിന്തുണ ഇമ്രാന് ശക്തിപകർന്നു. രാജ്യത്തെ അഴിമതിക്കെതിരെയുളള നാവായി മാറി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അമേരിക്ക നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി.

2013ലെ തെരഞ്ഞെടുപ്പിൽ വമ്പൻ റാലി നടത്തി പാകിസ്ഥാനിൽ വലിയ ചലനമുണ്ടാക്കാൻ ഇമ്രാൻറെ പിടിഐക്കായി. 2013 മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, ഒരു പ്രചാരണ റാലിയിൽ വേദിയിൽ നിന്ന് വീണ ഖാന്റെ തലയ്ക്കും മുതുകിനും പരുക്കേറ്റു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ആശുപത്രി കിടക്കയിൽ നിന്ന് ടെലിവിഷനിൽ വോട്ട് തേടി .

എന്നാൽ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്‌ലിം ലീഗ്‌നവാസ് (പി.എം.എൽഎൻ) നേടിയതിന്റെ പകുതിയിൽ താഴെ സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത് . തെരഞ്ഞെടുപ്പിൽ പിഎംഎൽഎൻ കൃത്രിമം കാണിച്ചെന്ന് ഖാൻ ആരോപിച്ചു. നവാസ് ഷെരീഫ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് നാല് മാസമാണ് ഇമ്രാൻ ഖാൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

പ്രതിഷേധങ്ങൾ ഫലം കണ്ടില്ലെങ്കിലും 2016ൽ സുപ്രീം കോടതി നവാസ് ഷെരീഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. 2017ൽ ഷരീഫിനെ അയോഗ്യനാക്കി. ഇതോടെ രാജി വച്ച് പുറത്തുപോകാൻ നവാസ് ഷെരീഫ് നിർബന്ധിതനായി.

അടുത്ത വർഷം, 2018 ജൂലൈയിൽ തിരഞ്ഞെടുപ്പ് നടന്നു. സൈന്യത്തിന്റെ പിന്തുണയോടെ ആഗസ്റ്റ് 18ന് അദ്ദേഹം പ്രധാനമന്ത്രിയായ
അധികാരത്തിൽ വന്ന ആദ്യ മാസങ്ങൾ മികച്ച രീതിയിൽ കടന്നുപോയെങ്കിലും ഇമ്രാൻ ഖാന്റെ ഭരണ പരിചയക്കുറവ് ഇമ്രാന്റെ കസേരയിളക്കി. ക്രിക്കറ്റ് കളി പോലെ എളുപ്പമല്ല രാജ്യഭരണമെന്ന് ഇമ്രാൻ ഖാൻ തിരച്ചറിഞ്ഞു. പാളിപ്പോയ വിദേശ നയവും പണപ്പെരുപ്പവും കടവും ഇമ്രാൻ ഖാനെ പ്രതിസന്ധിയിലാഴ്ത്തി. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമത ശബ്ദം ഉയർന്നു. സഖ്യ കക്ഷികൾ ചുവടുമാറ്റി.

പക്ഷേ ഇമ്രാന്റെ കസേരയെ പിടിച്ചുലയ്ക്കാൻ കഴിഞ്ഞില്ല. അവിശ്വാസ പ്രമേയം ചർച്ചചെയ്യാതെ സ്പീക്കർ നിലപാടെടുത്തിന് പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പ് നേരിടാൻ പാകിസ്താനോട് ആഹ്വാനം ചെയ്തു ഇമ്രാൻ. ഇനി അടുത്ത പടയൊരുക്കത്തിന്റെ നാളുകൾ…

Story Highlights: imran khan profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here