പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു; സാധനങ്ങൾക്ക് പൊള്ളുന്ന വില

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 115.02 രൂപയും ഡീസൽ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്.
ഇന്ധനവില വർധന ഇപ്പോൾ ഇന്ത്യൻ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ താളം തെറ്റിയിരിക്കുകയാണ്.
Read Also : രാജ്യത്ത് ഇന്ധന വില നാളെയും കൂട്ടും
ക്രൂഡ് ഓയിൽ വില ബാരലിന് ഓരോ ഡോളർ വർധിക്കുമ്പോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയിൽ വിലയിൽ 52 പൈസ മുതൽ 60 പൈസ വരേയും എണ്ണക്കമ്പനികൾ വർധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയിൽ വില വർധനയെ മറികടക്കാനാണ് എണ്ണക്കമ്പനികളുടെ ഈ നടപടി.
കഴിഞ്ഞ നവംബർ നാല് മുതൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 28.4 ഡോളർ ഉയർന്നിട്ടുണ്ട്. നിലവിൽ 108.9 ഡോളറാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയിൽ വില അനുസരിച്ച് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 5.5 മുതൽ 7.8 രൂപയുടെ വർധന ഇനിയും വരാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്, ഉയർന്ന ക്രൂഡ് ഓയിൽ വില ഉപഭോക്താക്കളിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കാൻ കേന്ദ്രത്തിന് സാധിക്കും.
Story Highlights: Petrol and diesel prices hiked today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here