മരുന്നുകള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍; തിരു.ജനറല്‍ ആശുപത്രിയില്‍ കടുത്ത അനാസ്ഥ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ഉപയോഗം കഴിഞ്ഞതും അല്ലാത്തതുമായ മരുന്നുകളാണ് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ആശുപത്രികളില്‍ മരുന്ന് സൂക്ഷിക്കുന്നതില്‍ ശീതീകരണ സംവിധാനം വേണമെന്ന ആരോഗ്യവകുപ്പ് ഉത്തരവും നടപ്പിലായില്ല.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ആശുപത്രി സ്റ്റോറില്‍ മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പലയിടത്തും മരുന്നുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. 2015ലാണ് ആശുപത്രികളില്‍ മരുന്ന് സൂക്ഷിക്കുന്നതില്‍ ശീതീകരണ സംവിധാനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ നാളിതുവരെ ജനറല്‍ ആശുപത്രിയില്‍ അത്തരമൊരു സംവിധാനമേയില്ല. 25 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ട മരുന്നുകള്‍ ഇപ്പോഴും ശീതീകരിക്കാത്ത മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നവീകരണം 2016ല്‍ തുടങ്ങിയിരുന്നെങ്കിലും നാളിതുവരെ പൂര്‍ത്തിയായിട്ടില്ല. സ്റ്റോര്‍ നവീകരണത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായതുമില്ല. മരുന്നുസൂക്ഷിക്കുന്നതിനുള്ള കെടുകാര്യസ്ഥത സംസ്ഥാന സ്റ്റോര്‍ വെരിഫിക്കേഷന്‍ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.
അതേസമയം ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയ ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആര്‍എംഒയുടെ ചുമതല മറ്റൊരു മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയിരിക്കുകയാണ്.
നേരത്തെ ഇതേ ആശുപത്രിയിലെ സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അനാവശ്യമായി സാധന സാമഗ്രികള്‍ വാങ്ങിക്കൂട്ടിയെന്നും കാലാവഘധി കഴിഞ്ഞ മരുന്നുകള്‍ സ്റ്റോറില്‍ സൂക്ഷിച്ചെന്നുമായിരുന്നു കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്സ് വേരിഫിക്കേഷന്‍ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചത്. സ്റ്റോര്‍ സൂക്ഷിപ്പിലെ ക്രമക്കേഡില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Story Highlights: Storage of drugs in unsanitary condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here