മീഡിയ വൺ വിലക്ക്; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അതിനിടെ സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്.
സംപ്രേഷണം വിലക്കിയതിനെതിരെ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചത്. പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. എന്നാൽ വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ മാർച്ച് 30 വരെയാണ് സുപ്രിംകോടതി കേന്ദ്രസർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നത്. കേസിൽ ഇന്ന് അന്തിമ വാദം കേൾക്കാനാരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന.
Story Highlights: media one broadcast ban petitions in supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here