മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തല്‍; സുപ്രിംകോടതി ഉത്തരവ് ഇന്ന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയായിരിക്കും താല്‍ക്കാലിക ക്രമീകരണം. ഉച്ചയ്ക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഡാം സുരക്ഷ നിയമത്തിലുള്ള വിപുലമായ അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ തയാറെടുക്കുകയാണ് സുപ്രിംകോടതി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേട്ടപ്പോള്‍ തന്നെ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് പലതവണ ആവര്‍ത്തിച്ചു.
മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമത്തിലെ എല്ലാ അധികാരങ്ങളും ഉണ്ടാകും. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ പരിശോധിക്കാമെന്നാണ് കോടതി നിലപാട്. സുരക്ഷ വിഷയങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രധാന പരിഗണന. മറ്റ് വിഷയങ്ങള്‍ പിന്നീടെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ പറഞ്ഞിരുന്നു.
Read Also : മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണം; കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി
കൂടുതല്‍ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ സുരക്ഷാ പരിശോധന, ജലനിരപ്പ് ക്രമീകരണം തുടങ്ങിയ സുപ്രധാന പ്രശ്നങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നിലപാട് നിര്‍ണായകമാകും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയാണ് താല്‍ക്കാലിക ക്രമീകരണമെന്ന് കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. അതോറിറ്റി പൂര്‍ണസജ്ജമാകുന്നതോടെ മേല്‍നോട്ട സമിതിയുടെ ഭാവി എന്തായിരിക്കുമെന്ന കാര്യവും ഇന്നത്തെ ഉത്തരവില്‍ പ്രതിഫലിച്ചേക്കും. കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതും ഉത്തരവില്‍ ഇടം പിടിക്കും.
Story Highlights: mullaperiyar case supreme court verdict today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here