കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ട്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് കോടതിയെ സമീപിച്ചത്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
ബിനീഷിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കർണാടക ഹൈക്കോടതി പരിഗണിച്ചില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കോടിയേരി കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്.
Read Also : ബിനീഷ് കോടിയേരിയുടെ അഭിഭാഷകവൃത്തിയ്ക്ക് ഇന്ന് തുടക്കം
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടതെന്നും കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ജാമ്യം ലഭിച്ചതിനുപിന്നാലെ ബിനീഷ് ആരോപിച്ചിരുന്നു. കേസിൽ ഒരു വർഷവും രണ്ട് ദിവസവും നീണ്ട ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിന് ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി അന്ന് ജാമ്യം അനുവദിച്ചത്.
Story Highlights: Bineesh Kodiyeri’s bail should be cancelled-ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here