Advertisement

ടാങ്കർ ലോറി അപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു, പക്ഷെ സ്വപ്‌നങ്ങൾ കൈവിട്ടില്ല; ഇത് ഈ പെൺക്കുട്ടി പൊരുതിനേടിയ ജീവിതം…

April 9, 2022
Google News 1 minute Read

ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ ജീവിതത്തിൽ അല്ലെങ്കിൽ ജീവിതത്തോട് പോരാടുന്നവരാണ് നമ്മൾ. നമ്മെ തകർത്തു കളയുന്ന അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ചിലത് നമ്മുടെ ജീവിതം തന്നെ താറുമാറാക്കി കളയും. അങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന നമ്മുടെ മനസിനെ നൊമ്പരപ്പെടുത്തുന്ന ജീവിത കഥയാണ് പത്മപ്രിയ എന്ന പെൺകുട്ടിയ്ക്ക് പറയാനുള്ളത്. തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം മരണത്തിന്റെ തിരക്കഥ മാറ്റിയെഴുതിയാണ് പത്മപ്രിയ സ്വന്തമാക്കിയത്. ഇന്ന് അതിജീവനത്തിന്റെ പ്രതിരൂപമാണ് പത്മപ്രിയ. കുതിച്ച് പാഞ്ഞുവന്ന ടാങ്കർ ലോറി പത്മപ്രിയയുടെ ജീവിതവും സ്വപ്നവുമെല്ലാം തട്ടിയെടുക്കുകയായിരുന്നു. പത്മപ്രിയ മാത്രമല്ല ഒപ്പമുണ്ടായിരുന്ന അമ്മയും അന്ന് അപകടത്തിൽ പെട്ടു. നാല് വർഷം മുമ്പ് സംഭവിച്ച അപകടത്തിന്റെ ഞെട്ടലിൽ നിന്ന് ഇന്നും ആ കുടുംബം കരകയറിയിട്ടില്ല.

അപകടം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലാണ് ഇന്ന് പത്മപ്രിയയും കുടുംബവും. എംബിഎ പഠിക്കുന്നതിനായി കോളേജിൽ ചേരാനായി പോകുമ്പോഴായിരുന്നു പത്മപ്രിയയ്ക്കും അമ്മയ്ക്കും അപകടം സംഭവിക്കുന്നത്. ഈ ദാരുണ ദൃശ്യത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് അച്ഛനും സഹോദരനുമാണ്. പാലക്കാട് വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിന് ശേഷം ഒരു ബിഎ പഠിക്കുന്നതിനായി കോളേജിൽ ചേരാനായി പോകുകയായിരുന്നു പത്മപ്രിയ. നാഷണൽ ഹൈവേയിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നിമിഷം നേരം കൊണ്ടാണ് ജീവിതം താറുമാറായത്. പിന്നീട് എന്ത് സംഭവിച്ചു എന്നത് പത്മപ്രിയയുടെ ഓർമയിൽ വ്യക്തമല്ല.

Read Also : സഹോദരന്റെ വേർപാട്, ഭർത്താവിന് സംഭവിച്ച അപകടം; കുടുംബം പുലർത്താൻ ചെത്തുകത്തിയും കുടവും എടുത്ത കേരളത്തിലെ ആദ്യത്തെ വനിത

അച്ഛൻ തിരിഞ്ഞുനോക്കുമ്പോൾ കണ്ട കാഴ്ച്ച പത്മപ്രിയയുടെ കാലിലൂടെ ടാങ്കർ കയറിയിറങ്ങി അതിനടിയിൽ നിന്നും നിരങ്ങി ഇറങ്ങി വരുന്നതാണ്. ഒപ്പം അമ്മയ്ക്കും ഗുരുതരമായ പരിക്കേറ്റു. അമ്മ ഇന്നും അന്ന് സംഭവിച്ച അപകടത്തിന്റെ മുറിവുകൾ പേറുകയാണ്. ഇന്നും കിടപ്പിലാണ്. അച്ഛൻ മുന്നിലും പിന്നാലെ പത്മപ്രിയയും അമ്മയും സഹോദരനും എന്ന ക്രമത്തിലാണ് ഇവർ റോഡ് മുറിച്ചുകടന്നത്. എന്നാൽ അച്ഛൻ റോഡ് മുറിച്ച കടന്നപ്പോൾ നിർത്തിയിട്ട ലോറിയുടെ വശത്തുകൂടെ ഒരു കാലിയായ ടാങ്കർ കടന്നുവന്നത് ആരും കണ്ടില്ല. അപകടം നടന്നപ്പോൾ എല്ലാവരും ഓടികൂടിയെങ്കിലും ആശുപത്രിയിൽ ഒന്നെത്തിക്കാൻ അച്ഛൻ ആളുകളോട് കേണപേക്ഷിക്കുകയായിരുന്നു. എല്ലാവരും ഫോട്ടോയും വീഡിയോകളും എടുക്കുന്ന തിരക്കിലായിരുന്നു. ഇന്നും അപകടത്തെക്കാളും തന്നെ വേട്ടയാടുന്നത് അന്ന് ചുറ്റും കൂടിയവരുടെ മനോഭാവമാണ് എന്ന് പത്മപ്രിയ പറയുന്നു.

ആ അപകടത്തിൽ പത്മപ്രിയയ്ക്ക് കാല് മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് ഏറെ വേദനയുള്ള ദിവസങ്ങളിലൂടെയാണ് ആ പെൺകുട്ടി കടന്നുപോയത്. അന്നും അമ്മ വെന്റിലേറ്ററിൽ ആയിരുന്നു. ജീവിതത്തിൽ തളർന്നു പോയ ദിവസത്തെ മനക്കരുത്ത് കൊണ്ട് തിരികെ പിടിക്കുകയായിരുന്നു പത്മപ്രിയ. ചികിത്സയ്ക്കായി ഒരുപാട് പേർ ഇവരെ സഹായിച്ചെന്നും അതിൽ എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ടെന്നും പത്മപ്രിയ പറയുന്നു. ഇന്ന് ഈ വെള്ളാരംകണ്ണുകാരിയ്ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെയല്ല നേട്ടങ്ങളുടെ കഥയാണ്. ഇന്ന് മണ്ണാർക്കാട് ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് പത്മപ്രിയയും സഹോദരനും.

മൂന്ന് വർഷം കൊണ്ട് പത്മപ്രിയ നേടിയ കരുത്തും ശക്‌തിയും ചെറുതല്ല. അതിജീവനത്തിന്റെ പ്രതീകമാണ് ഇന്ന് പത്മപ്രിയ. തന്റെ നഷ്ടങ്ങളെ കുറിച്ചും വേദനകളെ കുറിച്ചും ഓർത്തു കരയാൻ ഇന്ന് ഈ പെൺകുട്ടി ഇഷ്ടപ്പെടുന്നില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here