സഹോദരന്റെ വേർപാട്, ഭർത്താവിന് സംഭവിച്ച അപകടം; കുടുംബം പുലർത്താൻ ചെത്തുകത്തിയും കുടവും എടുത്ത കേരളത്തിലെ ആദ്യത്തെ വനിത

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിജ്ഞാന വേദിയിൽ എത്തുന്ന മത്സരാർത്ഥികളുടെ വേറിട്ട ജീവിതവും അവരുടെ അനുഭവങ്ങളും തന്നെയാണ് ഈ പരിപാടിയെ മറ്റുള്ളവയിൽ നിന്ന് മാറ്റി നിർത്തുന്നത്. നമ്മൾ വാർത്തകളിലും മറ്റും കേട്ട് നമ്മുടെ ഓർമകളിലേക്ക് മറഞ്ഞ പല ആളുകളും ഈ വേദിയിലൂടെ ലോകത്തിന് മുന്നിലേക്ക് ഒരിക്കൽ കൂടി എത്തിക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. ഈ അറിവിന്റെ വേദിയിലൂടെ കേരളത്തിന്റെ ആദ്യത്തെ വനിതാ ചെത്തു തൊഴിലാളിയെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. കുടുംബം പുലർത്താൻ ചെത്തുകത്തിയും കുടവും എടുത്ത ആദ്യ വനിതാ. ജീവിതത്തിന്റെ മധുരമല്ല കയ്‌പേറിയ നിമിഷങ്ങൾ തന്നെയാണ് ചെത്തുതൊഴിലാളി എന്ന തൊഴിലിലേക്ക് ഷീജയെ എത്തിച്ചത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഉയർന്നു വരാൻ ഷീജ തേടിയ വഴികൾ ഈ വനിതയെ കൊണ്ടെത്തിച്ചത് ഇവിടെയാണ്. കണ്ണൂരാണ് ഷീജയുടെ ദേശം.
വളരെ കുറച്ച് പേർക്ക് മാത്രമേ കേരളത്തിന് ഇങ്ങനെയൊരു വനിത ചെത്തുതൊഴിലാളിയായി ഉണ്ട് എന്നറിയുകയുള്ളൂ. അപ്രതീക്ഷിതമായി ഭർത്താവിന് സംഭവിച്ച അപകടമാണ് ഈ തൊഴിൽ സ്വീകരിക്കാൻ ഷീജയെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ ഒരു തൊഴിൽ വേണമെന്നെ ഈ യുവതി ചിന്തിച്ചിരുന്നുള്ളു. ഭർത്താവിന് സംഭവിച്ച അപകടം കുട്ടികളുടെ പഠനത്തെയും വീട്ടിലെ നിത്യചെലവുകളെ പോലും ബാധിക്കാൻ തുടങ്ങി. അത്ര കഠിനമായി കടന്നുപോയ ദിവസങ്ങളിൽ നിന്ന് കരകയറുക എന്ന വലിയൊരു കടമ്പ ഷീജയ്ക്ക് മുന്നിലുണ്ടായിരുന്നു. അതോടെ ഭർത്താവിന്റെ തൊഴിൽ സ്വീകരിക്കാൻ ഈ യുവതി തീരുമാനിച്ചു.
ആദ്യം ചെറിയ തെങ്ങുകളിൽ കയറി പഠിക്കുകയായിരുന്നു. ഒപ്പം സഹായത്തിന് നിർദേശങ്ങൾ നൽകി ഭർത്താവും ഒപ്പം നിന്നു. ഒരു ദിവസം 8 തെങ്ങെങ്കിലും ഇന്ന് ഷീജ കയറും. ഷീജയുടെ ജീവിതത്തിലെ ഏറെ ഭയപ്പെടുത്തുന്നതും വേദനയേറിയ നിമിഷം ആയിരുന്നു സഹോദരന്റെ മരണം. കള്ളു ചെത്തുന്നതിനിടയ്ക്ക് കൈയിലെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് തെങ്ങിൽ നിന്ന് വീണ് മരണപ്പെടുകയായിരുന്നു. എന്നിട്ടും ജീവിതത്തിലെ കടങ്ങളാണ് തന്നെ ഇതിലേക്ക് ഇതേ തൊഴിൽ സ്വീകരിക്കാൻ പ്രേരിപ്പിച്ചത് എന്ന് ഷീജ പറയുന്നു.
Read Also : കാൻസറിനെ അതിജീവിക്കാൻ നിറങ്ങളുടെ കൂട്ട്; ചികിത്സയ്ക്കായി ചിത്രങ്ങൾ വരച്ച് പണം കണ്ടെത്തി ബിന്ദു
ചെത്തുതൊഴിൽ പഠിക്കാൻ എളുപ്പമല്ല എന്നാണ് ഷീജ പറയുന്നത്. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈ തൊഴിൽ പഠിച്ചതെന്നും ഷീജ പറയുന്നു. ഒരു മാസം കൊണ്ടാണ് ഇത് പഠിച്ചത്. ആദ്യകാലങ്ങളിൽ നാട്ടുകാരെ ഒളിച്ചായിരുന്നു ഈ തൊഴിൽ ചെയ്തത്. സഹോദരന്റെ വേർപ്പാട് കാരണം തന്നെ ഈ തൊഴിലിലേക്ക് വിടാൻ എല്ലാവരും ഭയം കാണിച്ചു. വീട്ടിലെ പ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ് വരെയേ ഷീജ പഠിച്ചിരുന്നുള്ളു. അത് കഴിഞ്ഞ് നന്നേ ചെറിയ പ്രായത്തിൽ തന്നെ ഒരു വീട്ടിലെ ക്യാൻസർ രോഗിയായ അമ്മയെ നോക്കാൻ പോയി. പിന്നീടുള്ള ഷീജയും ബാല്യം അവിടെയായിരുന്നു.
തനിക്ക് പറ്റിയെങ്കിൽ സ്ത്രീകളാക്കും ഈ തൊഴിൽ പറ്റുമെന്നാണ് ഷീജ പറയുന്നത്. ആദ്യകാലങ്ങളിൽ മക്കൾക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ എല്ലാ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട് എന്ന് ഈ ലോകത്തിന് കാണിച്ചുതന്നിരിക്കുകയാണ് ഈ വനിത.
Story Highlights: Story of Sheeja C
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here