Advertisement

കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിന് കളമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

April 9, 2022
Google News 2 minutes Read

കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിന് കളമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കരാറുകാരെ സഹായിക്കാന്‍ ലേല തുക 40ശതമാനം വരെ കുറച്ചു. ഇതോടെ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വരുമാനത്തില്‍ കോടികളുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വരുമാന നഷ്ടമുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതുകയില്‍ ലേലം നടത്തേണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ലേല നടപടികള്‍ പ്രതിസന്ധിയിലായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെ ലേലം ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കുറഞ്ഞ തുകയ്ക്കാണ് ലേലം നടന്നത്.

എന്നാല്‍ കൊവിഡ് പ്രതിസന്ധി നീങ്ങുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്‌തെങ്കിലും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ തുക കുറക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ലേലം ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അടിസ്ഥാന ലേല തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ ആനുപാതികമായി കുറവ് വരുത്താനുമാണ് മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിനുള്ള വഴിയൊരുങ്ങി.

പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലുള്‍പ്പെടെ ഒരു കോടിയിലേറെ രൂപ കുറവിലാണ് ലേലം നടന്നത്. ഇതോടെ ബോര്‍ഡിന്റെ വരുമാനത്തില്‍ കോടികളുടെ കുറവുണ്ടാകുമെന്ന് ഉറപ്പായി. വരുമാനം നഷ്ടപ്പെടുമെന്ന് വന്നതോടെ ദേവസ്വം കമ്മീഷണര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. മുന്‍വര്‍ഷത്തെ കരാറുകാര്‍ തന്നെയാണ് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞ തുകയില്‍ ലേലം എടുത്തതെങ്കില്‍ അത് പുനഃപരിശോധിക്കണമെന്നാണ് നിര്‍ദേശം. മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയില്‍ ലേലം നടത്തേണ്ടതില്ല. ഇതുവരെ ലേലം നടക്കാത്തിടത്ത് ലേലത്തുക കുറക്കേണ്ടതില്ലെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇതോടെ ഇതുവരെ നടന്ന ലേലവും അനിശ്ചിതത്വത്തിലായി.

Story Highlights: Travancore Devaswom Board prepares ground for crores of profit for contractors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here