പാരലൽ കോളജ് അധ്യാപിക, മികച്ച പ്രാസംഗിക, മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത നേതാവ് ; ജോസഫൈന് വിശേഷണങ്ങളേറെ

കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തനത്തിലേക്ക് വനിതകൾക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായി ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്ന കാലത്താണ് ജോസഫൈൻ സിപി.ഐ.എമ്മിലേക്കെത്തുന്നത്. അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ ജോസഫൈൻ കത്തിക്കയറുകയായിരുന്നു. ജില്ലയുടെ കിഴക്കൻ കാർഷികമേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയർന്നു.
പുരോഗമനവാദികളായ കോൺഗ്രസുകാർ എം.എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത് ജോസഫൈൻ പാരലൽ കോളജ് അധ്യാപികയായിരുന്നു. ഭർത്താവ് പിഎ മത്തായിയും അക്കാലത്ത് പരിവർത്തനവാദി കോൺഗ്രസിലായിരുന്നു. വൈപ്പിൻ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയിൽ എത്തിയ എംസി ജോസഫൈൻ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളോട് കൂറുപുലർത്തിയ ജോസഫൈനെയും മത്തായിയെയും സിപിഐഎമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ പരേതനായ മുൻ സ്പീക്കർ എപി കുര്യനാണ് മുൻകൈയെടുത്തത്.
Read Also : എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും
ജോസഫൈൻ സിപിഐഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമാവുന്നത് 1978ലാണ്. 2002 മുതലാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായത്. എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ച ജോസഫൈൻ, പാർട്ടിയുടെ നയങ്ങളിൽ എതിർപ്പറിയിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ജോസഫൈൻ.
Story Highlights: Josephine Parallel college teacher, excellent orator