പാക് ദേശീയ അസ്ലംബി യോഗം തുടങ്ങി; ഷഹബസ് ഷെരീഫ് പ്രധാന മന്ത്രിയാവും

ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാക് ദേശീയ അസ്ലംബി യോഗം തുടങ്ങി. ഷഹബാസ് ഷെരീഫിനെ ഉടൻ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കും. പാക് ദേശീയ അസ്ലംബിയിൽ നിന്ന് രാജി വയ്ക്കാൻ പാകിസ്താൻ തെഹിരീഖ് ഇ ഇൻസാഫ് പാർലമെന്ററി കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാന്റെ കക്ഷിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്ഥാനാർത്ഥിയായി മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പത്രിക നൽകിയിട്ടുണ്ട്.
13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചിരുന്നു.
Read Also : ഇന്ത്യക്കാർ ആത്മാഭിമാനമുള്ളവർ, മറ്റാരെക്കാളും നന്നായി ഇന്ത്യയെ അറിയാം; ഇമ്രാൻ ഖാൻ
കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 നഗരങ്ങളിലാണ് ഇമ്രാൻ അനുകൂലികൾ പ്രകടനം നടത്തിയത്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കുമെന്നും വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങുകയാണെന്നും പുറത്തായ ശേഷം ഇമ്രാന്‍ ഖാൻ പ്രതികരിച്ചിരുന്നു.
ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ അധികാരമേറ്റത്.
Story Highlights: Pakistan National Aslambi begins; Shahbaz Sharif will be the Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here