Advertisement

ലോകത്തിലെ രുചിയുള്ളതെല്ലാം രാവിലെത്തന്നെ തീന്‍മേശയില്‍; പ്രഭാത ഭക്ഷണത്തിന്റെ തലസ്ഥാനമാണ് തുര്‍ക്കിയിലെ ഈ നഗരം

April 11, 2022
Google News 2 minutes Read

കണ്ണിനും നാവിനും മനസിനും സന്തോഷം പകരുന്ന ഒരു നല്ല പ്രഭാത ഭക്ഷണത്തോടെ ദിവസം തുടങ്ങിയാല്‍ അതിന്റെ ഉന്മേഷം ആ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കാറുണ്ട്. രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. ആഘോഷങ്ങളെല്ലാം പ്രഭാത ഭക്ഷണത്തിനൊപ്പമാക്കിയ ഒരു നഗരമുണ്ട് തുര്‍ക്കിയില്‍. അവിടെ ഡിന്നറിനൊപ്പമുള്ള നിശാ വിരുന്നുകളോ ആര്‍ഭാടമുള്ള ഉച്ചഭക്ഷണമോ അല്ല പ്രധാനം. മറിച്ച് ആ നഗരത്തിന്റെ എല്ലാ പെരുമയും വിളിച്ചോതുന്നത് രാജകീയമായ പ്രഭാത ഭക്ഷണമാണ്.

തുര്‍ക്കിയിലെ വാന്‍ നഗരമാണ് പ്രഭാത ഭക്ഷണത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്നത്. ഈ നഗരത്തിന് അങ്ങനെയൊരു വിളിപ്പേര് വീഴാന്‍ നിരവധി കാരണങ്ങളാണുള്ളത്. മുപ്പതില്‍പ്പരം വിഭവങ്ങളാണ് ഈ നഗരത്തില്‍ പ്രഭാത ഭക്ഷണമായി തീന്‍മേശകൡ നിറയുക. പുലര്‍ച്ചെ 5 മണിക്ക് തന്നെ വിവിധ നിറങ്ങളിലും മണങ്ങളിലുമുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ എത്തിത്തുടങ്ങും. ഓവനില്‍ നിന്ന് ചൂട് ബ്രെഡ് പുറത്തേക്കെടുത്ത് മുറിച്ച് വച്ചിട്ടുണ്ടാകും. ടര്‍ക്കിഷ് ചായയുടെ മണം അന്തരീക്ഷത്തിലാകെ പരക്കുന്നുണ്ടാകും. ലോകത്തില്‍ ലഭിക്കുന്ന വിലപിടിപ്പുള്ള എല്ലാ സുഗന്ധദ്രവ്യങ്ങളും അടങ്ങിയ വിവിധ സൂപ്പുകള്‍ ആവിപരത്തിക്കൊണ്ട് മേശയില്‍ നിരന്നിരിപ്പുണ്ടാകും. കൊഴുത്ത ക്രീമും വിലയേറിയ പാലുല്‍പ്പന്നങ്ങളും നിരക്കാത്ത തീന്‍മേശകളുണ്ടാകില്ല.

വെണ്ണയിലും പഞ്ചസാരയിലും വറുത്ത ഗോതമ്പ് പൊടിച്ചെടുത്ത മധുരമുള്ള കുറുക്കുകളും മുട്ട കൊണ്ട് ജീവിതത്തില്‍ ഇന്ന് വരെ രുചിച്ചിട്ടില്ലാത്ത വ്യത്യസ്തമായ പലയിനം വിഭവങ്ങളും വാന്‍ നഗരത്തിലെ തീന്‍ മേശകളിലുണ്ടാകും. ചെറി, ആപ്പിള്‍, വാള്‍നട്ട്, ബദാം, ഏപ്രിക്കോട്ട്, ഓറഞ്ച്, മുന്തിരി, സ്‌ട്രോബറി തുടങ്ങി എല്ലാ പഴങ്ങളും ഫ്രഷായിത്തന്നെ തീന്‍മേശകളിലെത്തും. വിവിധ നിറങ്ങളിലും രുചികളിലുമുള്ള ജാമുകളും സ്‌പ്രെഡുകളും മതിയാവോളം ലഭിക്കും.

മലയോര നഗരമായ വാനിന്റെ ഈ പ്രഭാതഭക്ഷണ പെരുമയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. മലയോരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് സുന്ദരമായി അലങ്കരിച്ച തീന്‍മേശകള്‍ക്ക് ചുറ്റുമിരുന്ന് രാജകീയമായ പ്രഭാതഭക്ഷണം ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഇവിടെയെത്താറുള്ളത്. പ്രഭാത ഭക്ഷണത്തിന് കാലങ്ങളായി വാന്‍ നഗരമാണ് സുപ്രസിദ്ധമെങ്കിലും ഇപ്പോള്‍ തുര്‍ക്കിയുടെ വിവിധ പ്രദേശങ്ങളില്‍ വാന്‍ സ്റ്റൈല്‍ പ്രഭാതഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ ഒരുങ്ങുന്നുണ്ട്.

Story Highlights: this city in turkey is the capital of breakfast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here