വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണം; വൈദ്യുതി മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ പരിഹാസവുമായി സിഐടിയു. കെഎസ്ഇബിയിലെ പ്രശ്‌നം ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എ സുനില്‍കുമാര്‍ പറഞ്ഞു. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണമെന്നും മുന്നണിമര്യാദ കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും കെ എ സുനില്‍കുമാര്‍ പരിഹസിച്ചു.
പാലക്കാട് ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുന്നുവെന്നാണ് പ്രതിഷേധ വേദിയില്‍വച്ച് സിഐടിയു നേതാവിന്റെ വാക്കുകള്‍. ജാസ്മിന്‍ ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശം ശരിയാണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. അനുമതി ഇല്ലാതെ അവധിയില്‍ പ്രവേശിച്ചു എന്ന് ആരോപിച്ചായിരുന്നു കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ ജാസ്മിനെ സസ്‌പെന്‍ഡ് ചെയ്തത്.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുകയാണ്. മന്ത്രി ഗൗരവത്തോടെ കെഎസ്ഇബി വിഷയത്തില്‍ ഇടപെടണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പണിമുടക്കും പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.
Read Also : ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ്
ഇതിനിടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെഎസ് ഇബി ചെയര്‍മാന്‍ ബി അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Story Highlights: citu against minister k krishnankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here