ഗവർണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം

ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം നൽകി പിണറായി സർക്കാർ. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിലായിരുന്നു കെ.ആർ. ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ജ്യോതിലാലിനെ മാറ്റിയതോടെയാണ് അന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.
എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് കൂടി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നൽകിയിട്ടുള്ളത്. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ ഗവർണറെ അറിയിച്ചത്.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് അന്ന് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ കൈക്കൊള്ളുകയും കെ.ആർ. ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തത്.
Story Highlights: K.R. Jyothilal re-appointed as Public Administration Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here