Advertisement

“തൂലിക പടവാളാക്കിയ കവി“; കുമാരനാശാന് ഇന്ന് 150-ാം ജന്മദിനം

April 12, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതാണ്ട് നൂറ് വർഷം മുൻപ് കവിതയിലൂടെ പോസിറ്റീവായ ഒട്ടേറെ ആശയങ്ങൾ കേരളീയ സമൂഹത്തിന് പകർന്ന് നൽകിയ സ്നേഹ ​ഗായകനും എഴുത്തുകാരനുമായിരുന്നു മഹാകവി കുമാരനാശാൻ. സ്നേഹമെന്ന ജീവശാസ്ത്രപരമായ ജീവിത പരിവർത്തനം കൊണ്ട് ലോകത്തെ ഒന്നാകെ നന്മയിലേക്ക് പരിവർത്തിപ്പിക്കാമെന്ന ആശയമാണ് ആശാനെ സ്നേഹ ​ഗായകൻ എന്ന പദവിയിലേക്ക് എത്തിച്ചത്. മനുഷ്യ ചിന്തയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ കാല്പനികതയെ ആശാൻ ഉപയോ​ഗപ്പെടുത്തി.

സമൂഹത്തിൽനിന്നു ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവും ഇതിവൃത്തമാക്കികൊണ്ട് മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് ഇതിലെ നായികാനായകന്മാർ. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടെ ലഭിച്ച അംഗീകാരം, ആശാനിലെ കവിയ്ക്കു കൂടുതൽ പ്രചോദനമരുളുകയുണ്ടായി.

“ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ!
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ”

കവിയെന്ന നിലയ്ക്ക് ആശാന്റെ സ്ഥാനമുറ എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവ സൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുക്കൊണ്ടാണ് രചിച്ചിരിക്കുന്നത്. സ്വപ്നങ്ങളെക്കുറിച്ച് ആയിരത്തിൽ കൂടുതൽ വാക്കുകളിൽ വർണ്ണിച്ച്, “ഹാ” എന്നുതുടങ്ങി “കഷ്ടം” എന്നവസാനിക്കുന്ന ഈ കവിത, മനുഷ്യജന്മത്തിൻ്റെ പ്രതിഫലനംതന്നെയാണ്. ഹൃദയസ്പർശിയാം വിധം കേവലം നാൽപ്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലുമെല്ലാം വീണ പൂവ് സ്ഥാനം പിടിച്ചു. അതോടെയാണ് ശ്രദ്ധേയനായ കവിയെന്ന നിലയ്ക്ക് ആശാൻ സ്ഥാനമുറപ്പിച്ചത്. നളിനി, ലീല, കരുണ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ബാലരാമായണം, ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, ഒരു സിംഹപ്രസവം തുടങ്ങി അനേക വിശിഷ്ട കാവ്യങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.

1921ൽ നാലു പങ്കാളികളോടു കൂടെ ആലുവയ്ക്കടുത്തായി ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി അദ്ദേഹം നടത്തിയിരുന്നു. വ്യവസായവും കാവ്യവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ച കാലമായിരുന്നു അത്. ശാരദ ബുക്ക് ഡെപ്പോ എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനവും കുമാരനാശാൻ നടത്തിയിരുന്നു. ശ്രീനാരായണ ​ഗുരുവുമായി മഹാകവി പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 1903 ജൂൺ 4ന് എസ്എൻഡിപി യോ​ഗം സ്ഥാപിതമായ കാലത്ത് യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു.അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യയോഗം സെക്രട്ടറി പദവിയിൽ എത്തി.

ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് ഒഴിച്ച് കൂടാനാകാത്തതാണ്.1909-ൽ അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പിന്നീട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Read Also : ജീവനക്കാർക്കൊരു സർപ്രൈസ്; സമ്മാനമായി നൽകിയത് ആഡംബര കാറുകള്‍…

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ കായിക്കര ഗ്രാമത്തിൽ തൊമ്മൻവിളാകം വീട്ടിലാണ്‌ കുമാരു എന്ന കുമാരനാശാൻ ജനിച്ചത്‌. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു. കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ചെറുപ്പത്തിൽ പറഞ്ഞത് അച്ചട്ടായി എന്ന് പറഞ്ഞത് പോലെ കേരളം കണ്ട മലയാള കവിതയിലെ ആശയ ​ഗംഭീരനും, സ്നേഹ ​ഗായകനുമായി മാറി. അദ്ദേഹം സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റി തീർക്കാനുള്ള പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്.

Story Highlights: Malayalam poet Kumaranasan birthday special story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement