എക്‌സർസൈസ് ബൈക്കുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കുമോ ? ബെല്ലി ഫാറ്റ് എങ്ങനെ ഫലപ്രദമായി കുറയ്ക്കാം ?

പകലന്തിയോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലി…കൂട്ടിന് കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകളും….ഇന്നത്തെ ഈ ജീവിതശൈലി വഴിവച്ചത് പലവിധ രോഗങ്ങൾക്കാണ്. ഇതിൽ തൊണ്ണൂറ് ശതമാനം പേരെയും അലട്ടുന്നത് കുടവയറാണ്. അരക്കെട്ടിലും, വയറിലും കൊഴുപ്പ് കൂടുന്നത് പലരിലും കസേരയിൽ ഇരിക്കുന്നതിന് വരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ കൊഴുപ്പ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് ? എക്‌സർസൈസ് ബൈക്കുകളിലാണ് ഈ ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാൽ എക്‌സർസൈസ് ബൈക്കുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കുമോ എന്നതാണ് ചോദ്യം… ( does exercise bike burn belly fat )
ശരീരത്തിലെ കൊഴുപ്പ് ആകെമൊത്തമായി കളയാൻ കാർഡിയോ എക്‌സർസൈസുകളായ സ്പിന്നിംഗ്, സ്പ്രിന്റിംഗ് എന്നിവ സഹായിക്കും. എക്‌സർസൈസ് ബൈക്കുകൾ, ട്രെഡ്മിൻ എന്നിവയാണ് ക്വിക്ക് കാർഡിയോ സെഷനായി ഏറ്റവും മികച്ചത്. എക്‌സർസൈസ് ബൈക്കുകൾ ബെല്ലി ഫാറ്റ് കുറയ്ക്കുമെന്നത് ഒരു പരിധി വരെ സത്യമാണ്. എന്നാൽ മറ്റ് ചില ഘടകങ്ങളെ അപേക്ഷിച്ചിരിക്കും ഇത്. നമ്മുടെ ജീനുകൾക്കും, ഹോർമോണുകൾക്കും നമ്മുടെ ഭാരവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിലർക്ക് ബെല്ലി ഫാറ്റ് കുറയ്ക്കാൻ താരതമ്യേന ബുദ്ധിമുട്ടായിരിക്കും.
ശരീരത്തിൽ രണ്ട് തരം കൊഴുപ്പുകളാണ് ഉള്ളത്. ഒന്ന് വിസറൽ ഫാറ്റ്, മററൊന്ന് സബ്ക്യൂട്ടേന്യസ് ഫാറ്റ്. വിസറൽ ഫാറ്റ് നമുക്ക് കാണാൻ സാധിക്കില്ല. ശരീരത്തിനകത്തെ അവയവങ്ങൾക്ക് മുകളിലായി ഇത് സ്ഥിതി ചെയ്യുന്നു. സബ്ക്യൂട്ടേന്യസ് ഫാറ്റ് എന്നാൽ പുറമെ പ്രകടമാകുന്നതാണ്. മെലിഞ്ഞിരിക്കുന്നവരുടെ ശരീരത്തിൽ കൊഴുപ്പില്ലെന്ന് അതുകൊണ്ട് തന്നെ നമുക്ക് പറയാൻ സാധിക്കില്ല. അവരിൽ വിസറൽ ഫാറ്റ് ഉണ്ടായേക്കാമെന്ന് ചുരുക്കം. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് ഈ വിസറൽ ഫാറ്റ് കാരണമായേക്കാം.
നമ്മുടെ ശരീരത്തിലെ കലോറികൾ കത്തിച്ച് കളയുന്ന ഏത് വ്യായമവും ശരീരത്തിന് നല്ലതാണ്. എന്നാൽ എയറോബിക് എക്‌സർസൈസുകളാണ് കൂടുതൽ ഫലപ്രദമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എക്‌സർസൈസ് ബൈക്കുകളേക്കാൾ എയറോബിക് എക്‌സർസൈസുകൾ ബെല്ലി ഫാറ്റ് കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഒപ്പം വിസറൽ ഫാറ്റ് കളയാനും എയറോബിക് വ്യായാമങ്ങളിലൂടെ സാധിക്കുന്നു.
എക്‌സർസൈസ് ബൈക്ക് ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ബെല്ലി ഫാറ്റ് കുറയ്ക്കാം ?
എക്‌സർസൈസ് ബൈക്ക് ഉപയോഗിച്ച് ഫലപ്രദമായി ബെല്ലി ഫാറ്റ് കുറയ്ക്കാൻ ‘ടബാറ്റ’ വർക്കൗട്ട് രീതിയാണ് നല്ലതെന്ന് പ്രശസ്ത ട്രെയ്ൻ എം ഫ്യൂറേ പറയുന്നു. കുറഞ്ഞ വിശ്രമവേളയുള്ള വർക്കൗട്ട് രീതിയാണ് ഇത്. ഫുൾ ഇന്റൻസിറ്റിയിൽ 20 സെക്കൻഡ് എക്‌സർസൈസ് ബൈക്കിൽ വ്യായാമം ചെയ്യുകയും അടുത്ത പത്ത് സെക്കൻഡ് വിശ്രമമെന്ന രീതിയിൽ പതിയെ പെഡലിംഗ് ചെയ്യുന്നതുമാണ് ടബാറ്റയുടെ രീതി. ഇങ്ങനെ നാല് മിനിറ്റിൽ എട്ട് തവണ ചെയ്യണം.
ഭക്ഷണത്തിനും പങ്കുണ്ട്….
ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് വ്യായാമം മാത്രം പോര. ബാലൻസ്ഡ് ഡയറ്റ്, കൃത്യമായ ഉറക്കം, പിരിമുറുക്കം കുറയ്ക്കുക, ലഹരിയുടെ ഉപയോഗം കുറയ്ക്കുക എന്നിവയും ചെയ്യണം.
Story Highlights: does exercise bike burn belly fat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here