ഐപിഎൽ: ആദ്യ ജയം തേടി മുംബൈ; ഇന്ന് പഞ്ചാബ് എതിരാളികൾ

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് നിർണായക മത്സരം. തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസിന് ഇന്ന് ജയിച്ചേ മതിയാവൂ. ഭേദപ്പെട്ട പ്രകടനം നടത്തുന്ന പഞ്ചാബ് കിംഗ്സ് ആണ് മുംബൈയുടെ ഇന്നത്തെ എതിരാളികൾ. 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച പഞ്ചാബ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മുംബൈയെപ്പോലെ തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട ചെന്നൈ ഇന്നലെ ആദ്യ ജയം നേടിയിരുന്നു. തങ്ങൾക്കും ഇന്ന് ആദ്യ ജയം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുബൈ. (mumbai indians punjab kings)
Read Also : തിരുമ്പി വന്തിട്ടേ ഡാ!… ചെന്നൈക്ക് ആദ്യ വിജയം
ബൗളിംഗ് ആണ് മുംബൈയുടെ പ്രശ്നം. സ്ലോഗ് ഓവറുകളിൽ പന്തെറിയാൻ ആളില്ലാത്തത് മുംബൈയെ വലയ്ക്കുന്നുണ്ട്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ വെറും 2 വിദേശ താരങ്ങൾ മാത്രമാണ് മുംബൈയ്ക്കായി കളിച്ചത്. ഇഷാൻ കിഷന് 14 കോടി രൂപ മുടക്കിയതും ഈ സീസണിൽ കളിക്കില്ലെന്നറിഞ്ഞിട്ടും ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചതും മുംബൈയുടെ ടീം ബാലൻസിനെ ബാധിച്ചിട്ടുണ്ട്. ബേസിൽ തമ്പി, തൈമൽ മിൽസ്, ജയദേവ് ഉനദ്കട്ട്, മുരുഗൻ അശ്വിൻ എന്നിങ്ങനെ നീളുന്ന ബൗളിംഗ് നിരയിൽ ബെഞ്ചിലിരിക്കുന്നത് മായങ്ക് മാർക്കണ്ഡെ, റൈലി മെരെഡിത്ത്, ഫാബിയൻ അലൻ തുടങ്ങിയ താരങ്ങളാണ്. ബൗളിംഗ് നിര ശരാശരിക്കും താഴെ. ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മ ഫോമിൽ അല്ലാത്തതും തിരിച്ചടിയാണ്. എന്നാൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ എന്നിവരുടെ ഫോം അവർക്ക് ആശ്വാസമാണ്. ഡെവാൾഡ് ബ്രെവിസും പ്രതീക്ഷ നൽകുന്നു. മിസ്ഫയർ ചെയ്യുന്ന കീറോൺ പൊള്ളാർഡ് മുബൈക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ടിം ഡേവിഡിന് വെറും രണ്ട് അവസരങ്ങൾ മാത്രം നൽകിയത് അത്ഭുതപ്പെടുത്തുന്നു. ഇന്ന് ടീമിൽ മാറ്റങ്ങളുണ്ടാവാനിടയുണ്ട്. രമൺദീപ് സിംഗിനു പകരം ടിം ഡേവിഡോ ഫേബിയൻ അലനോ എത്തും. ഉനദ്കട്ട്, ബേസിൽ തമ്പി എന്നിവരിൽ ഒരാൾക്ക് പകരം തൈമൽ മിൽസും കളിക്കാനിടയുണ്ട്.
സ്ഥിരത കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും പഞ്ചാബ് കിംഗ്സ് ഏറെക്കുറെ സെറ്റാണ്. മായങ്ക് അഗർവാളിൻ്റെ മോശം ഫോം ഒരു പ്രശ്നമാണ്. ഷാരൂഖ് ഖാൻ ഇതുവരെ ഫോം ആയിട്ടില്ല. ഗംഭീരമായി കളിച്ചിരുന്ന ഭാനുക രാജപക്സെയ്ക്ക് പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച ജോണി ബെയർസ്റ്റോ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ട് താരം തുടർന്നേക്കും. ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ എന്നിവർ മികച്ച ഫോമിലാണ്. ഒഡീൻ സ്മിത്തും ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. റബാഡ, രാഹുൽ ചഹാർ, വൈഭവ് അറോറ, അർഷ്ദീപ് സിംഗ് എന്നിവർ അടങ്ങുന്ന ബൗളിംഗ് നിര തകർപ്പൻ ഫോമിലാണ്. ടീമിൽ മാറ്റമുണ്ടായേക്കും.
Story Highlights: ipl mumbai indians punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here