കേന്ദ്രീയ വിദ്യാലയ പ്രവേശനം: എംപി ക്വാട്ട റദ്ദാക്കി; എംപിമാരുടെ മക്കള്‍ക്കുള്ള ക്വാട്ടയും നീക്കി

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്ന ക്വാട്ട റദ്ദാക്കി. എംപിമാരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രവേശനത്തിനുള്ള ക്വാട്ടകളും നീക്കിയിട്ടുണ്ട്. ഇനി മുതല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ജനറല്‍ ക്വാട്ടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടയും മാത്രമാകും ഉണ്ടാകുക. ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയ വിദ്യാലയ സംഘടനയുടേതാണ് തീരുമാനം. (Kendriya Vidyalaya admission: MP quota canceled)
പഴയ രീതി പ്രകാരം കേന്ദ്രീയ വിദ്യാലയത്തില്‍ മക്കളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ അവരുടെ മണ്ഡലത്തിലെ എംപിയില്‍ നിന്ന് ഒരു ശുപാര്‍ശ കത്ത് വാങ്ങുകയും അത് പ്രത്യേക സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന് സമര്‍പ്പിക്കുകയും ചെയ്യണമായിരുന്നു. ശുപാര്‍ശ കത്ത് നല്‍കുന്നതിന് എംപിമാര്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംപി ക്വാട്ട റദ്ദാക്കാന്‍ തീരുമാനമായത്.
1975ലാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് ക്വാട്ട നല്‍കാന്‍ ആരംഭിക്കുന്നത്. ഈ ക്വാട്ടയെ എംപിമാരുടെ പ്രത്യേക വിവേചനാധികാരമായി അംഗീകരിച്ചിരുന്നു. ഒരു എംപിക്ക് ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് എന്‍ട്രികള്‍ ശുപാര്‍ശ ചെയ്യാമെന്ന നിയമമായിരുന്നു മുന്‍പുണ്ടായിരുന്നത്. പിന്നീട് 2011ല്‍ അഞ്ചായും 2012ല്‍ ആറായും 2016ല്‍ 10 ആയും ക്വാട്ട ഉയര്‍ത്തുകയായിരുന്നു.
Story Highlights: Kendriya Vidyalaya admission: MP quota canceled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here