തുടക്കവും ഒടുക്കവും കലക്കി; മുംബൈക്കെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 198 റൺസാണ് നേടിയത്. 70 റൺസെടുത്ത ശിഖർ ധവാൻ പഞ്ചാബ് ടോപ്പ് സ്കോററായി. മായങ്ക് അഗർവാൾ (52), ജിതേഷ് ശർമ്മ (30) എന്നിവരും പഞ്ചാബിനായി തിളങ്ങി. മുംബൈക്കായി ബേസിൽ തമ്പി 2 വിക്കറ്റ് വീഴ്ത്തി.
അതിഗംഭീര തുടക്കമാണ് ധവാനും അഗർവാളും ചേർന്ന് പഞ്ചാബിനു നൽകിയത്. മുംബൈ ബൗളർമാരുടെ മോശം പന്തുകൾ അനായാസം ശിക്ഷിച്ച താരങ്ങൾ 97 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി. ആക്രണ ചുമതല ഏറ്റെടുത്ത അഗർവാൾ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ധവാൻ അഗർവാളിന് ഉറച്ച പിന്തുണ നൽകി. 10ആം ഓവറിൽ മുരുഗൻ അശ്വിനാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 52 റൺസെടുത്ത അഗർവാളിനെ അശ്വിൻ സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ചു.
അഗർവാൾ പുറത്തായതിനു പിന്നാലെ റൺ നിരക്ക് കുറഞ്ഞു. ഇതിനിടെ 37 പന്തുകളിൽ ധവാൻ ഫിഫ്റ്റി തികച്ചു. മൂന്നാം നമ്പറിലെത്തിയ ജോണി ബെയർസ്റ്റോ (12) വേഗം മടങ്ങി. താരം ജയദേവ് ഉനദ്കട്ടിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. തകർപ്പൻ ഫോമിലുള്ള ലിയാം ലിവിങ്സ്റ്റണിൻ്റെ (2) കുറ്റി പിഴുത ബുംറ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഫിഫ്റ്റിക്ക് പിന്നാലെ ആക്രമണ മോഡിലേക്ക് മാറിയ ധവാൻ ബേസിൽ തമ്പിക്ക് മുന്നിൽ വീണു. 50 പന്തുകളിൽ 70 റൺസെടുത്ത താരത്തെ ബേസിൽ പൊള്ളാർഡിൻ്റെ കൈകളിലെത്തിച്ചു.
അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ജിതേഷ് ശർമ്മ ചില കൂറ്റൻ ഷോട്ടുകളുതിർത്തു. ഒപ്പം ഷാരൂഖ് ഖാനും ചേർന്നതോടെ പഞ്ചാബ് സ്കോർ കുതിച്ചു. തന്നെ തുടരെ രണ്ട് സിക്സറുകളടിച്ച ഷാരൂഖ് ഖാനെ (15) നാലാം പന്തിൽ കുറ്റി പിഴുത് ബേസിൽ മടക്കി. ജിതേഷ് ശർമ്മ (30), ഒഡീൻ സ്മിത്ത് (1) എന്നിവർ നോട്ടൗട്ടാണ്.
Story Highlights: punjab kimgs innings mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here