ഐവറി ബിൽഡുകൾ ഓർമ്മയായിട്ടില്ല; ഉണ്ട് ലുയിസിയാനയിലെ കാടുകളിൽ ജീവനോടെ

ലോകത്തിലെ ഏറ്റവും വലിയ മരംകൊത്തികളിലൊന്നാണ് ദൈവ പക്ഷി എന്ന പേരിൽ അറിയപ്പെടുന്ന ഐവറി ബിൽഡ് അഥവാ മരംകൊത്തി. ഐവറി ബിൽഡ് മരംകൊത്തിയടക്കം 23 ജീവിവർഗങ്ങൾ ഭൂമിയിൽ നിന്ന് നാമാവശേഷമായതായി കഴിഞ്ഞ വർഷമാണ് ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ യു.എസ്. സര്‍ക്കാര്‍ ഏജന്‍സിയായ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് പട്ടിക പുറത്ത് വിട്ടത്. 1944-ലിനുശേഷം ഇവയെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാത്തതിനാലായിരുന്നു ഇത്തരത്തിൽ ഒരു പട്ടിക ഏജൻസി പുറത്ത് വിട്ടത്. വനനശീകരണമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണമായി ചൂണ്ടികാണിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഐവറി ബിൽഡ് ഭൂമിയിൽ ജീവനോടെയുണ്ടെന്ന കണ്ടെത്തലുമായിട്ടാണ് ഗവേഷകർ രംഗത്ത് വന്നിരിക്കുന്നത്. ലുയിസിയാനയിലെ കാടുകളിൽ ഐവറി ബിൽഡ് ഇപ്പോഴും ജീവിക്കുന്നുണ്ടെന്നാണ് ഗവേഷകരുട പുതിയ കണ്ടെത്തൽ. യു.എസ്. പിറ്റ്സ്ബർഗിലെ നാഷണൽ ഏവിയറി ഡയറക്ടർ സ്റ്റീവ് ലാറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. മൂന്നു വർഷം നീണ്ട തിരച്ചിലിന് ശേഷമാണ് മരംകൊത്തികളെ കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഡ്രോൺ ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് പക്ഷികളുടെ ചിത്രങ്ങളും, ശബ്ദങ്ങളും ഗവേഷകർ പകർത്തിയത്.
ഐവറി ബിൽഡ് മരംകൊത്തികളുടെ പ്രത്യേകതകളെ ഒന്ന് പരിശോധിക്കുകയാണെങ്കിൽ കറുപ്പും വെളുപ്പും തൂവലുകളാണ് ഈ മരംകൊത്തികൾക്ക് ഉള്ളത്. ഇത് ലോകത്തെ ഏറ്റവും വലിയ മരംകൊത്തിയായ ഇംപീരിയൽ മരംകൊത്തിയുമായുള്ള അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കൂർത്ത ചുവന്ന പൂവും ഇളംമഞ്ഞ നിറത്തിലുള്ള കണ്ണുകളുമാണ് ഐവറി ബിൽഡിനെ മറ്റ് മരംകൊത്തികളുമായി താരതമ്യം ചെയ്യുമ്പോൾ വേറിട്ട് നിർത്തുന്നത്.
Read Also : 27 കോളേജുകളിൽ പ്രവേശനം; 30 കോടി രൂപയുടെ സ്കോളർഷിപ്പുകൾ; അത്ഭുതം ഈ പതിനെട്ടുകാരൻ…
51 സെന്റീമീറ്റർവരെ നീളവും 450 മുതൽ 570 വരെ ഗ്രാം തൂക്കവുമുണ്ട് ഈ മരംകൊത്തികൾക്ക്. ഐവറി ബിൽഡുകളുടെ വാസസ്ഥലം തെക്കുകിഴക്കൻ യു.എസും ക്യൂബയുമാണ്. ലുയിസിയാനയിലെ കാടുകളിൽ നിന്ന് ജീവനോടെ കണ്ടെത്തിയ ഐവറി ബിൽഡുകളെ സൂചിപ്പിക്കുന്നത് പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ഗവേഷകർ നൽകുന്ന വിശദീകരണം.
Story Highlights: ivory bill woodpecker not extinct researchers say
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here