മുൻ പ്രധാനമന്ത്രിമാർക്കായി 43 ഗ്യാലറികളുള്ള പ്രത്യേക മ്യൂസിയം;
നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും

ബി.ആർ അംബേദ്കറിന്റെ ജന്മവാർഷിക ദിനമായ ഇന്ന് മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. മുൻ പ്രധാനമന്ത്രിമാരുടെ വീക്ഷണങ്ങളും സംഭാവനകളും ഓർമ്മിക്കുന്ന മ്യൂസിയം ഡൽഹി തീൻ മൂർത്തി ഭവനിലാണ് ഒരുക്കിയിരിക്കുന്നത്. ( Special Museum for Former Prime Ministers )
രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥ തുടങ്ങിയവയാണ് മ്യൂസിയത്തിലുള്ളത്. പ്രധാനമന്ത്രി സംഗ്രഹാലയയിലൂടെ മുൻപ് രാജ്യത്തെ നയിച്ചവരുടെ ഓർമകളും സംഭാവനകളും അടുത്ത തലമുറകൾക്കായി ഒരു കുടക്കീഴിൽ കൊണ്ട് വരുകയാണ്. 43 ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങൾ, നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വിഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവും, വെർച്വൽ റിയാലിറ്റി, ഒഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായവും മ്യൂസിയത്തിൽ ലഭ്യമാകും.
Read Also : ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ആഗോളതലത്തിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി
നെഹ്റുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവൻ വളപ്പിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സംഭാവനകൾ ഓർമ്മിപ്പിക്കുന്നതാണ് മ്യൂസിയത്തിന്റെ ആദ്യ ബ്ലോക്ക്. അതേസമയം തീൻമൂർത്തി ഭവനോട് ചേർന്ന് ബി.ജെ.പി സർക്കാർ പ്രധാനമന്ത്രി സംഗ്രാലയ നിർമ്മിക്കുന്നത് രാഷ്‌ട്രീയ നീക്കമാണെന്ന വിമർശനം കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here