Advertisement

സുബൈറിന്റെ കൊലപാതകം; പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമെന്ന് പാലക്കാട് എസ്പി; അന്വേഷണത്തിന് പ്രത്യേക സംഘം

April 15, 2022
Google News 2 minutes Read
crime branch special cell will investigate subair murder

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പാലക്കാട് എസ്പി. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ നിലവില്‍ അഞ്ച് സിഐമാരുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയില്‍ എല്ലായിടങ്ങളിലും പൊലീസ് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കൂടുതല്‍ നിരീക്ഷണം ശക്തമാക്കും. സുബൈറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ സുബൈറിന് ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വിവരം അന്വേഷിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി.

ഇന്നുച്ചയോടെയാണ് സംഭവം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.

Read Also : പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സഞ്ജിത്തിന്റെ കാര്‍ അവിടെ ഉപേക്ഷിച്ച് പോയത് തന്നെ ആ കൊലപാകത്തിന് പകരം വീട്ടിയെന്ന നിലയിലാണെന്നും എസ്ഡിപിഐ ആരോപിക്കുന്നു.

Read Also : സുബൈറിന്റെ കൊലപാതകം: അക്രമിസംഘത്തില്‍ മുഖംമൂടി ധരിച്ചെത്തിയ നാലു പേര്‍

അതേസമയം സുബൈറിന്റെ അപകട വിവരം അറിഞ്ഞപ്പോള്‍ വാഹനാപകടമാണെന്നാണ് കരുതിയതെന്ന്ാ പ്രദേശവാസി പറഞ്ഞു. പിന്നീടാണ് കൊലപാതകമാണെന്ന് അറിഞ്ഞത്. സുബൈറിന്റെ ദേഹമാസകലം പരുക്കുകളുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുബൈര്‍ മരിച്ചതെന്നും പ്രദേശവാസി സലിം ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights: crime branch special cell will investigate subair murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here