പട നയിച്ച് ത്രിപാഠി; ഫിഫ്റ്റിയുമായി മാർക്രം: സൺറൈസേഴ്സിന് തുടർച്ചയായ മൂന്നാം ജയം

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് സൺറൈസേഴ്സിൻ്റെ ജയം. കൊൽക്കത്ത മുന്നോട്ടുവച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് 3 വിക്കറ്റ് നഷ്ടപ്പെടുത്തി 17.5 ഓവറിൽ കളി പിടിച്ചു. 71 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് സൺറൈസേഴ്സ് ചേസ് നയിച്ചത്. എയ്ഡൻ മാർക്രം 68 റൺസെടുത്ത് പുറത്താവാതെ നിന്നു.
മോശം തുടക്കമാണ് സൺറൈസേഴ്സിനും ലഭിച്ചത്. അഭിഷേക് ശർമ്മ (3), കെയിൻ വില്ല്യംസൺ (17) എന്നിവർ വേഗം മടങ്ങി. യഥാക്രമം പാറ്റ് കമ്മിൻസിനും ആന്ദ്രേ റസലിനുമായിരുന്നു വിക്കറ്റ്. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ രാഹുൽ ത്രിപാഠി തകർപ്പൻ ഫോമിലായിരുന്നു. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം കൊൽക്കത്ത ബൗളർമാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രഹരിച്ചു. നാലാം നമ്പറിലെത്തിയ എയ്ഡൻ മാർക്രവും ഉറച്ചുനിന്നതോടെ ഹൈദരാബാദ് കുതിച്ചു. വെറും 21 പന്തുകളിലാണ് ത്രിപാഠി ഫിഫ്റ്റി തികച്ചത്. 15ആം ഓവറിൽ ത്രിപാഠി മടങ്ങി. താരത്തെ ആന്ദ്രേ റസൽ വെങ്കടേഷ് അയ്യരിൻ്റെ കൈകളിലെത്തിച്ചു. മാർക്രവുമൊത്ത് മൂന്നാം വിക്കറ്റിൽ 94 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ത്രിപാഠി മടങ്ങിയത്.
ത്രിപാഠി പുറത്തായെങ്കിലും ഗംഭീരമായി ബാറ്റ് ചെയ്ത മാർക്രം 31 പന്തുകളിൽ അർധസെഞ്ചുറിയിലെത്തി. നിക്കോളാസ് പൂരാനെ കാഴ്ചക്കാരനാക്കി മാർക്രം അനായാസം ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു.
Story Highlights: sunrisers won kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here