ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക് നേട്ടം. ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. റോണാൾഡോയുടെ കരുത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കൽക്കൂടി വിജയതീരമണഞ്ഞു. ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോളാണ് അദ്ദേഹം നേടിയത്. വിജയത്തോടെ, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ യുണൈറ്റഡിനായി. തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അറുപതാമത്തെയും ക്ലബ് കരിയറിലെ അമ്പതാമത്തെയും ഹാട്രിക്കാണ് റൊണോള്‍ഡോ സ്വന്തമാക്കിയത്. ( Cristiano Ronaldo scores his 50th hat-trick of his club career )
യുണൈറ്റഡ് ഏഴാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡ് നേടിയിരുന്നു. ഡിഫന്‍സില്‍ നിന്ന് എലാങ്ക നോര്‍വിച് പന്ത് റൊണാള്‍ഡോക്ക് നല്‍കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ റൊണാള്‍ഡോ അനായാസം പന്ത് വലയിലെത്തിച്ചു. തുടർന്ന് 32ആം മിനിട്ടില്‍ അലക്‌സ് ടെല്ലസ് എടുത്ത കോര്‍ണറില്‍ നിന്ന് ഒരു ഹെഡ്ഡറിലൂടെ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി.
Read Also : കോളയല്ല വെള്ളം കുടിക്കൂ; പ്രസ് കോണ്‍ഫറന്‍സിനിടയില്‍ കോള കുപ്പികള്‍ മാറ്റി റൊണാള്‍ഡോ
2 ഗോളിന്റെ ബലത്തിൽ അനായാസ വിജയം നേടുമെന്ന് കരുതിയ യുണൈറ്റഡ് പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി പിന്നോട്ട് പോയെങ്കിലും വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ എത്തുകയായിരുന്നു. 76ാം മിനിട്ടിൽ ഫ്രീകിക്കില്‍ നിന്നായിരുന്നു നിർണായക ഹാട്രിക്ക് ഗോള്‍ പിറന്നത്. ഇതോടുകൂടി സ്റ്റേഡിയം ഇളകിമറിഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നോര്‍വിച്ച് അവസാന സ്ഥാനത്തുമാണ്. 57 പോയിന്റുകളുള്ള ടോട്ടന്‍ഹാം ഹോട്‌സ്പര്‍ നാലാം സ്ഥാനത്തും 54 പോയിന്റുള്ള ആഴ്സണല്‍ ആറാം സ്ഥാനത്തുമാണ്. നേരത്തെ സ്പര്‍സിനെതിരെയും റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.
Story Highlights: Cristiano Ronaldo scores his 50th hat-trick of his club career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here