മാക്സ്‌വൽ തുടങ്ങി; ദിനേശ് കാർത്തിക് തീർത്തു; ബാംഗ്ലൂരിന് മികച്ച സ്കോർ

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസാണ് നേടിയത്. 34 പന്തുകളിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്ന ദിനേഷ് കാർത്തിക് ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 55 റൺസെടുത്ത് പുറത്തായി.
മോശം തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ അനുജ് റാവത്ത് (0) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഫാഫ് ഡുപ്ലെസി (8) ഖലീൽ അഹ്മദിൻ്റെ പന്തിൽ അക്സർ പട്ടേൽ പിടിച്ചുപുറത്തായി. വിരാട് കോലി (12) റണ്ണൗട്ടായി. സുയാഷ് പ്രഭുദേശായ് (6) അക്സർ പട്ടേലിൻ്റെ പന്തിൽ കുൽദീപ് യാദവിൻ്റെ കൈകളിൽ അവസാനിച്ചു. ഒരു വശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും നാലാം നമ്പറിലെത്തിയ ഗ്ലെൻ മാക്സ്‌വെലിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് ആർസിബിയ്ക്ക് ദിശാബോധം നൽകി. കുൽദീപ് യാദവിൻ്റെ ഒരു ഓവറിൽ രണ്ട് വീതം സിക്സറും ബൗണ്ടറിയുമായി 23 റൺസാണ് മാക്സ്‌വൽ അടിച്ചുകൂട്ടിയത്. 30 പന്തുകളിൽ ഓസീസ് താരം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മാക്സ്‌വൽ (55) മടങ്ങി. താരത്തെ കുൽദീപ് യാദവിൻ്റെ പന്തിൽ ലളിത് യാദവ് പിടികൂടി.
തുടർന്ന് ക്രീസിലെത്തിയ ദിനേഷ് കാർത്തിക് സാവധാനമാണ് ആരംഭിച്ചത്. എന്നാൽ, അവസാന ഓവറുകളിൽ താരം വിസ്ഫോടനാത്മക ബാറ്റിംഗ് പുറത്തെടുത്തു. 16 പന്തുകളിൽ 15 റൺസ് എന്ന നിലയിൽ നിന്ന് 26 പന്തുകളിൽ കാർത്തിക് ഫിഫ്റ്റിയിലെത്തി. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ 18ആം ഓവറിൽ രണ്ട് സിക്സറും നാല് ബൗണ്ടറിയും സഹിതം 28 റൺസാണ് കാർത്തിക് അടിച്ചുകൂട്ടിയത്. ഷഹബാസ് അഹ്മദും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 97 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കാർത്തികും (66) ഷഹബാസും (32) പുറത്താവാതെ നിന്നു.
Story Highlights: royal challengers bangalore innings delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here