മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. മാനേജരെയും ഡെപ്യൂട്ടി ജനറൽ മാനേജരെയുമാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്ന് ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഈ മാസം രണ്ടിനാണ് ജപ്തി വിവാദം ഉണ്ടായത്. കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്. നാട്ടുകാർ സാവകാശം ചോദിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥർ വീട് പൂട്ടി മടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാൻ സാവകാശം വേണമെന്ന് എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു.
Read Also : മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു
ദളിത് കുടുംബത്തിലെ ഗൃഹനാഥൻ ഹൃദ്രോഗത്തേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോൾ നാല് കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കെത്തുമ്പോൾ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎൽഎയെ അറിയിച്ചത്.
രാത്രി എട്ടരയോടെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതർ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎൽഎയെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികൾ ഒന്നും ഉണ്ടാവാത്തതോടെ എംഎൽഎ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു. മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ നേരത്തേ രാജിവച്ചിരുന്നു.
Story Highlights: Two employees suspended in Muvattupuzha foreclosure controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here