ബംഗാളിൽ പുതുമുഖ പരീക്ഷണം സി പി ഐ എമ്മിനെ തുണക്കുമോ? ബെല്ലിഗഞ്ചിൽ രണ്ടാമത്

ബംഗാളിൽ തിരിച്ചു വരുമെന്ന സി പി ഐ എമ്മിൻ്റെ സ്വപ്നങ്ങൾ പുതുമുഖങ്ങളിലൂടെ പൂവണിയുമോ? ഉപതിരഞ്ഞെടുപ്പ് നടന്ന ബെല്ലി ഗഞ്ച് നിയമസഭാ സീറ്റിൽ രണ്ടാമതെത്തിയത് സി പി ഐ എം നേതാക്കൾ പ്രതീക്ഷയോടെയാണ് കാണുന്നത്.
ബെല്ലിഗഞ്ചിൽ കഴിഞ്ഞ തവണ സി പി ഐ എം സ്ഥാനാർത്ഥി ഡോ. ഫുവാദ് ഹലിം 8474 വോട്ടുകളാണ് നേടിയതെങ്കിൽ ഇക്കുറി ഹലിമിൻ്റെ ഭാര്യ സൈറ ഷാ ഹലിം നേടിയത് 30971 വോട്ടുകളാണ് .തൃണമൂലിൻ്റെ ബാബുൽ സുപ്രിയോക്കു പിന്നിൽ രണ്ടാമതെത്തി സൈറ .കഴിഞ്ഞ തവണ 31226 വോട്ടു നേടി രണ്ടാമതായിരുന്ന ബി ജെ പിക്ക് ഇക്കുറി 13,220 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ
സിപിഐ എമ്മിൻ്റെ പുത്തൻ മുഖമാണ് സൈറ ഹാലിം. രാഷ്ട്രീയ നേതാവിനേക്കാൾ ഒരു കമ്പനി എക്സിക്യൂട്ടീവെന്ന് തോന്നും സൈറയെ കണ്ടാൽ. ഇംഗ്ലീഷും ഹിന്ദിയും ഉർദുവും മണി മണി പോലെ പറയും .ബംഗാളി പക്ഷേ അത്ര വഴങ്ങില്ല. സിനിമാ താരം നസറുദ്ദീൻ ഷായുടെ അനന്തരവളും ബംഗാൾ മുൻ സ്പീക്കർ ഹഷിം അബ്ദുൽ ഹലിമിൻ്റെ മരുമകളുമാണ് സൈറ.
സൈറ മാത്രമല്ല സി പി ഐ എമ്മിൻ്റെ പരീക്ഷണം. 80 അംഗ സംസ്ഥാന കമ്മിറ്റിയിൽ 24 യുവാക്കളെ ഉൾപ്പെടുത്തിയിരുന്നു .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതലാണ് യുവാക്കളെ സിപിഐ എം നോട്ടമിട്ടത്. SFI അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ദിപ്സിതാ ധർ(28) , ജെഎൻയു യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷ് (26) എന്നിവർ നിയമസഭാ സ്ഥാനാർത്ഥികളായിരുന്നു. ഇരുവരും വിജയിച്ചില്ലെങ്കിലും പ്രചാരണ ശൈലി വ്യാപക ചർച്ചയായി.
Read Also : ഉച്ചഭാഷിണിക്ക് പകരം വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കൂ; രാജ് താക്കറെയ്‌ക്കെതിരെ ആദിത്യ താക്കറെയുടെ പരിഹാസം
കമ്മ്യൂണിസ്റ്റിന് വിരമിക്കൽ ഇല്ല എന്നത് പൊതു സമൂഹത്തിൽ മുമ്പ് ചർച്ചയായിട്ടുണ്ട്. വൃദ്ധ നേതൃത്വത്തെ കൊണ്ട് നിറഞ്ഞതായിരുന്നു സി പി ഐ എം ഘടകങ്ങളൊക്കെ .യുവരക്തങ്ങളെ സ്ഥാനാർത്ഥികളായി പരീക്ഷിച്ചതോടെ വരും തലമുറയെ ഉൾക്കൊള്ളാൻ സി പി ഐ എമ്മിന് കഴിയുമെന്ന ചർച്ചക്കും വഴിയൊരുക്കി.
ബംഗാൾ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളിൽ മീനാക്ഷി മുഖർജി, ശ്രീജൻ ഭട്ടാചാര്യ ,മയൂഖ് ബിശ്വാസ് , പ്രതിക് ഉർ റഹ്മാൻ എന്നിവർ ഉൾപ്പെടുന്നു. ഇവരെല്ലാം 20 – 30 വയസുകാരാണ്. മീനാക്ഷി മുഖർജി യോഗങ്ങളിൽ ആളെക്കൂട്ടാൻ കഴിവുള്ള പ്രസംഗശൈലിക്കുടമയാണ്. താത്വികമല്ല പ്രസംഗം. പ്രക്ഷോഭ രംഗത്തും മീനാക്ഷി മുഖർജി സജീവമാണ്. ശ്രീജൻ ഭട്ടാചാര്യ യുവാക്കൾക്കിടയിൽ താരമാണ്. മികച്ച പ്രസംഗമാണ് പ്രതിക് ഉർ റഹ്മാൻ്റെത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലേ ദക്ഷിണ പർഗാനയിലെ പ്രതീകിൻ്റെ വീട് തൃണമൂലുകാർ കയ്യേറിയിരുന്നു.
ഇവരിലൂടെ സി പി ഐ എമ്മിനെ ബംഗാളിൽ തിരികെ കൊണ്ടുവരാമെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. അതത്ര എളുപ്പമല്ലെങ്കിലും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here