എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ; സംസ്കാരം കറുകോടി ശ്മശാനത്തിൽ

കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് കൊണ്ടുപോകുന്നത്. കണ്ണകിയമ്മൻ ഹൈസ്കൂളിലാണ് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത്. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കറുകോടി ശ്മശാനത്തിൽ നടക്കും.
എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
Read Also : രാഷ്ട്രീയ കൊലപാതകങ്ങൾ: നാളെ പാലക്കാട് സർവകക്ഷി യോഗം; മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്‌കെഎസ് ഓട്ടോഴ്‌സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ്ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: SK Srinivasan’s cremation at Karukodi Cemetery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here