വിവാഹത്തിന് വിസമ്മതിച്ചു; വീടിന് തീയിട്ട ശേഷം യുവതിയെയും വീട്ടുകാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്

വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ പെരിങ്ങോട്ടുകുറിശി ചൂലനൂർ കിഴക്കുമുറി വീട്ടിൽ മണി (55), ഭാര്യ സുശീല (48), മകൻ ഇന്ദ്രജിത്ത് (21), മകൾ രേഷ്‌മ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവശേഷം പ്രതി പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷ് (35) ഒളിവിൽപ്പോയി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വെട്ടാൻ ഉപയോഗിച്ച ആയുധവും പ്രതി ഉപയോഗിച്ച ബൈക്കും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
നാലുപേരെയും ഗുരുതര പരിക്കുരളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇന്ദ്രജിത്തിനെയും രേഷ്‌മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദ്രജിത്തിന്റെ മൂന്ന് വിരൽ മുറിഞ്ഞു. രേഷ്മയുടെ വലത്കൈയിലെ നാല് വിരലും മുറിഞ്ഞ നിലയിലാണ്. ഇരുവർക്കും ശസ്‌ത്രക്രിയ നടത്തി. മണിയുടെ കഴുത്തിനാണ് വെട്ടുകൊണ്ടത്.
Read Also : കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; സുബൈർ വധത്തിൽ പുതിയ വെളിപ്പെടുത്തൽ
നാല് ലിറ്റർ പെട്രോളും മാരകായുധങ്ങളും തോട്ട പൊട്ടിക്കാനുള്ള വെടിമരുന്നുമായാണ് മുകേഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വൈദ്യുതിബന്ധം വിഛേദിച്ചശേഷം അടുക്കളഭാഗത്ത് പെട്രോളൊഴിച്ച് തീയിട്ടു. അടുക്കള ഭാഗം കത്തുന്നത് കണ്ട ഗൃഹനാഥൻ മണി വീടിന്റെ മുന്നിലേക്ക് ഓടിയിറങ്ങിയ സമയത്ത് വെട്ടി വീഴ്‌ത്തുകയായിരുന്നു. പിന്നാലെ വീടിന് പുറത്തേക്ക് വന്ന സുശീലയേയും രേഷ്മയേയും ഇന്ദ്രജിത്തിനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു.
മുകേഷിന് രേഷ്മയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ സഹോദര ബന്ധമായതിനാൽ രേഷ്‌മയും രക്ഷിതാക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സുശീലയുടെ സഹോദരി കമല കുമാരിയുടെ മകനാണ് മുകേഷ്. അടുത്ത ആഴ്‌ച രേഷ്‌മയുടെ വിവാഹ നിശ്‌ചയം തീരുമാനിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നിൽ. ബംഗളൂരുവിൽ റെയിൽവേ ജീവനക്കാരിയാണ് രേഷ്‌മ. പ്രതി മുകേഷ് നാലുവർഷം മുമ്പ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കോട്ടായി പൊലീസ് പറയുന്നു.
Story Highlights: young man attacked the young woman and her family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here